കോഴിക്കോട്: മലയാളി പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച കേരള ക്രൈം ഫയല്‍സ് എന്ന സീരീസിന്റെ രണ്ടാം ഭാഗം ഇപ്പോൾ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. മികച്ച പ്രതികരണമാണ് സീരിസിന് സോഷ്യൽ മീഡിയിൽ ലഭിക്കുന്നത്. കിഷ്കിന്ധാ കാണ്ഡത്തിന്റെ തിരക്കഥ ഒരുക്കിയ ബാഹുൽ രമേശാണ് കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രചന നിർവഹിച്ചിരിക്കുന്നത്. മൂർച്ചയുള്ള കഥ എന്നാണ് സീരിസിന്റെ തിരക്കഥയ്ക്ക് ലഭിക്കുന്ന അഭിപ്രായം. അഹമ്മദ് കബീറിന്റെ സംവിധാനത്തിനും പ്രശംസകൾ ലഭിക്കുന്നുണ്ട്. ആദ്യ സീസണിനേക്കാൾ രണ്ടാം ഭാഗം മികച്ചതാണെന്നും കാഴ്ചക്കാരെ സംതൃപ്തിപ്പെടുത്തുന്ന കഥയാണ് സീരിസിന്റേതെന്നുമാണ് പ്രേക്ഷക പ്രതികരണം. ഇന്ദ്രൻസിന്റെ പ്രകടനത്തിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. കേരള ക്രൈം ഫയൽ സീസൺ 2 ഹോട്ടസ്റ്ററിലൂടെ കഴിഞ്ഞ ദിവസമാണ് സ്ട്രീമിങ് ആരംഭിച്ചത്. ആദ്യ സീസണിൽ ലൈംഗിക തൊഴിലാളിയുടെ ദുരൂഹ മരണമായിരുന്നു പ്രതിപാദ്യ വിഷയമെങ്കിൽ അമ്പിളി രാജുവെന്ന സിവിൽ പൊലീസ് ഉദ്യോഗസ്ഥന്റെ തിരോധാനമാണ് സീസൺ രണ്ടിന്റെ ന്യൂക്ലിയസ്.

