
തലപ്പാടി.ജില്ല രൂപീകൃതമായത് മുതൽ തലപ്പാടിക്ക് ഇന്ന് വരെ ഒരു മാറ്റവുമില്ല. അതിർത്തി പ്രദേശമെന്ന നിലയിൽ വികസനത്തിൽ സർക്കാർ സംവിധാനത്തിന്റെയോ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയോ യാതൊരുവിധ ഇടപെടലുകളും, വികസനവും ഇവിടെ വന്നിട്ടില്ല.മഞ്ചേശ്വരം മണ്ഡലത്തിൽ ഉൾപ്പെടുന്നതാണ് ഈ അതിർത്തി പ്രദേശം.മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിന്റെ വടക്കേ അതിരാണ് തലപ്പാടി.
ദേശീയപാത വികസനത്തിന്റെ ഭാഗമായി “ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക്” സ്വാഗതം അരുളുന്ന ഒരു ബോർഡ് മാത്രം തലപ്പാടിയിലുണ്ട്.പിന്നെ സർക്കാറിന് വരുമാനമുണ്ടാക്കാ നുള്ള കുറെ ചെക്ക് പോസ്റ്റുകളും. ആകെയുള്ളത് ഒരു വഴിയോര വിശ്രമ കേന്ദ്രം.
കർണാടക-കേരള കെഎസ്ആർടിസി ബസുകൾ,സ്വകാര്യ ബസ്സുകൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങളാണ് യാത്രക്കാരെയും കൊണ്ട് തലപ്പാടിയിലെ ത്തുന്നത്. കർണാടകയിൽ നിന്ന് തലപ്പാടിയിലേക്ക് വരുന്ന ബസ്സുകൾ വേറെയും.ഇവിടെയൊരു ബസ്റ്റാൻഡ് പണിയാൻ പോലും സർക്കാർ സംവിധാനങ്ങൾക്കോ,സദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കോ ഇതുവരെ കഴിഞ്ഞിട്ടില്ല.മൂന്നര പതിറ്റാണ്ട് പിന്നിട്ടിട്ടും വിശാലമായ ചെമ്മൺ മൈതാനം മാത്രമായി തലപ്പാടിയിലെ ബസ്റ്റാൻഡ് ഒതുങ്ങുന്നു. യാത്രക്കാർക്ക് വിശ്രമിക്കാനും,പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യം പോലും ഇവിടെയില്ല.25 ഓളം ഓട്ടോറിക്ഷകൾ സ്വയം ഉണ്ടാക്കിയ ഓട്ടോ സ്റ്റാൻഡിൽ നിർത്തിയിടുന്നു.മൂന്നര പതിറ്റാണ്ട് കാലമായി ഈ അവഗണന തുടരുകയാണെന്ന് നാട്ടുകാർ പറയുന്നു.
സന്ധ്യയായാൽ സമീപത്തായി നിരവധി ബാറുകൾ ഉള്ളതിനാൽ സാമൂഹിക വിരുദ്ധർക്ക് താവളമാവുകയാണ് തലപ്പാടി.മദ്യപന്മാർക്കും, ലഹരി ഉപയോഗക്കാർക്കും രാത്രി തലപ്പാടി അനുഗ്രഹമാണ്.ഇവിടെ കർണാടക പോലീസ് ഇടപെടാറില്ല,കേരള പോലീസ് ആകട്ടെ ഇവിടേക്ക് രാത്രികാലങ്ങളിൽ എത്താറുമില്ല. വികസനത്തിൽ മുഖം തിരിച്ചു നൽകുകയാണ് അധികാരികളെന്നാണ് ജനങ്ങളുടെ പരാതി. അതുകൊണ്ടാവാം അവർ ചോദിക്കുന്നത് തലപ്പാടി കേരളത്തിലാണോ, കർണാടകത്തിലാണോ എന്ന് സംശയം പ്രകടിപ്പിക്കുന്നതും.
ഫോട്ടോ:സ്വാഗത കമാനവും, തലപ്പാടിയിൽ ബസ് നിർത്തിയിടുന്ന ഇടവും.