By ഷൈബിന് ജോസെഫ്
ഷിറിയ ( കുമ്പള, കാസര്‍ഗോഡ്):മൊഗ്രാല്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിനു മുന്നില്‍ ദേശീയപാത മുറിച്ചുകടക്കാന്‍ മേല്‍പ്പാലമില്ലാത്തതിനാല്‍ ദേശീയപാതയും പാര്‍ശ്വഭിത്തിയും കയറിമറിഞ്ഞ് വിദ്യാര്‍ഥികളുടെ അപകടയാത്ര. അര കിലോമീറ്റര്‍ അകലെ മുട്ടം എന്ന സ്ഥലത്താണ് ദേശീയപാതയ്ക്ക് കുറുകേ മേല്നടപ്പാലമുള്ളത്. മേല്‍പ്പാലം കടക്കുന്നതിനായി അത്രയും ദൂരത്തിലും തിരിച്ചും നടക്കാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനാണ് വിദ്യാര്‍ഥികള്‍ അപകടകരമായ വിധത്തില്‍ ദേശീയപാത മുറിച്ചുകടക്കുന്നത്. ഉദ്ഘാടനം കഴിഞ്ഞിട്ടില്ലെങ്കിലും ഇപ്പോള്‍തന്നെ അതിവേഗപാതയിലൂടെ നിരവധി വാഹനങ്ങള്‍ കടന്നുപോകുന്നുണ്ട്. സാധാരണഗതിയില്‍ അതിവേഗപാതകളില്‍ കാല്‍നടയാത്രക്കാര്‍ പാത മുറിച്ചുകടക്കുന്ന സാഹചര്യമില്ലാത്തതിനാല്‍ അപകടങ്ങള്‍ സംഭവിക്കാനുള്ള സാധ്യതയേറെയാണ്. അതിന് വഴിവയ്ക്കാതെ ഇവിടെ കൂടി മേല്‍നടപ്പാലം അനുവദിക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഷിറിയ സ്കൂളിന് മുന്നില്‍ മേല്‍പ്പാലമോ അടിപ്പാതയോ അനുവദിച്ചു തരണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നേരത്തേ പലതവണ ബന്ധപ്പെട്ടവര്‍ക്ക് നിവേദനങ്ങള്‍ നല്‍കിയിരുന്നതാണ്. എന്നാല്‍ അനുകൂല നടപടികളൊന്നും ഉണ്ടായില്ല. അടിപ്പാതയുടെ കാര്യത്തില്‍ ഇനിയൊന്നും ചെയ്യാനാകാത്ത സാഹചര്യത്തില്‍ മേല്നടപ്പാലമെങ്കിലു അനുവദിച്ചുതരണമെന്നാണ് ഇപ്പോള്‍ നാട്ടുകാരുടെ ആവശ്യം.
