
ഗുരുവായുർ ക്ഷേത്രത്തിൽ 2025 ഒക്ടോബർ 1 മുതൽ അടുത്ത ആറ് മാസത്തേക്കുള്ള മേൽശാന്തിയായി പാലക്കാട് ശ്രീകൃഷ്ണപുരം മൂർത്തി യേടത്തു മന സുധാകരൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു. ഇന്ന് ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം നട തുറന്നപ്പോഴായിരുന്നു നറുക്കെടുപ്പ്.
രാവിലെ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ.പി.സി.ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ സാന്നിധ്യത്തിൽ
ദേവസ്വം ഭരണ സമിതി മുൻപാകെ നടന്ന അഭിമുഖത്തിൽ യോഗ്യരെന്ന് കണ്ടെത്തിയ 51 അപേക്ഷകരുടെ പേരുകൾ ശ്രീലകത്തിന് മുന്നിലെ നമസ്ക്കാര മണ്ഡപത്തിൽ വെച്ച് വെള്ളിക്കുടത്തിൽ നിക്ഷേപിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. പി.സി.ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ സാന്നിധ്യത്തിൽ നിലവിലെ മേൽശാന്തി കവപ്ര മാറത്ത് അച്യുതൻ നമ്പൂതിരി വെള്ളിക്കുടത്തിൽ നിന്നും നറുക്കെടുത്തു. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണ സമിതി അംഗങ്ങളായ ‘ ബ്രഹ്മശ്രീ.മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, കെ.എസ് ബാലഗോപാൽ,, അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ എന്നിവർ ചടങ്ങിൽ ‘ സന്നിഹിതരായി. 63 അപേക്ഷകരിൽ 8 പേർ കൂടിക്കാഴ്ചയ്ക്ക് എത്തിയില്ല. 4 പേർ കൂടിക്കാഴ്ചയിൽ അയോഗ്യരായി. 59 കാരനായ നിയുക്ത മേൽശാന്തി പാലക്കാട് ശ്രീകൃഷ്ണപുരം പിലിമംഗലം സ്വദേശിയാണ്. സ്വദേശിയാണ്.എം എ, ബി.എഡ് ബിരുദധാരിയാണ്.
ചുമതലയേറ്റെടുക്കുന്നതിന് മുന്നോടിയായി നിയുക്ത മേൽശാന്തി 12 ദിവസം ക്ഷേത്രത്തിൽ ഭജനമിരിക്കും. ഭജനത്തിനു ശേഷം സെപ്റ്റംബർ 30 ന് രാത്രി ചുമതലയേൽക്കും. 6 മാസം പുറപ്പെടാ ശാന്തിയായി ക്ഷേത്രത്തിൽ തന്നെ താമസിച്ച് പൂജാകർമങ്ങൾ നിർവ്വഹിക്കും.
കൃഷ്ണാ! ശ്രീ ഗുരുവായൂരപ്പാ!