By അശോക് നീർച്ചാൽ
ദേലംപാടി : മലയോര മേഖലയിൽ കാട്ടാനകൾ ജനവാസ മേഖലയിൽ ഇറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവാകുന്നു.
കഴിഞ്ഞ ദിവസം രാത്രിയോടെ
ദേലംപാടി പഞ്ചായത്തിലെ
പൊക്ലമൂലയിൽ പരപ്പ ഷമീറിന്റെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിൽ എത്തിയ ആനകൾ അഞ്ച് വർഷം പ്രായമായ 25 ഓളം തെങ്ങുകളും ഇരുപതിലധികം കവുങ്ങുകളും നശിപ്പിച്ചു. എല്ലാ തെങ്ങിന്റെയും പൂക്കുലയും ഇളംതിരിയുമാണ് കാട്ടാന പിഴി തെടുത്ത് ഭക്ഷണമാക്കിയത്.
രാത്രി ഒന്ന് വരെ ഷമീറും സുഹൃത്തുക്കളും കൃഷിയിടത്തിൽ കാവൽ നിന്നിരുന്നു. ഇവർ തിരിച്ചു പോയതിന് ശേഷമാണ് ആനകൾ എത്തി കൃഷികൾ നശിപ്പിച്ചത്. കാട്ടാന ഇറങ്ങിയപ്പോൾ വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചെങ്കിലും ആരും തിരിഞ്ഞ് നോക്കിയില്ലെന്ന് നാട്ടുകാർ പറഞ്ഞു.
ദിവസങ്ങളായി ദേലംപാടി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ കാട്ടാനകളുടെ അക്രമം പതിവായിരിക്കുകയാണ്.
ഒരാഴ്ച മുൻപ് ദേലംപാടി ബെള്ളിപ്പാടിയിൽ കാട്ടാന മതിൽ തകർത്ത് വീടിന്റെ മുറ്റ ത്തെത്തി ഭീതി പരത്തിയിരുന്നു. വീടിന് പുതുതായി പണിത മതിൽ തകർത്ത ശേഷം വരാന്തയ്ക്ക് മുന്നിലെത്തുകയായിരുന്നു.
കാട്ടാന അക്രമം തടയാൻ
വനം വകുപ്പ് അധികൃതർ അടിയന്തമായി ഇടപെടണമെന്നും നഷ്ടപരിഹാരം നൽകണമെന്നും സ്ഥലം സന്ദർശിച്ച
മുസ് ലിം ലീഗ് ഉദുമ മണ്ഡലം ജനറൽ സെക്രട്ടറി
കെ.ബി മുഹമ്മദ് കുഞ്ഞി, സെക്രട്ടറി എം.കെ അബ്ദുൽ റഹിമാൻ ഹാജി, മുളിയാർ പഞ്ചായത്ത് പ്രസിഡൻ്റ് ബി.എം അബൂബക്കർ ഹാജി, ജനറൽ സെക്രട്ടറി മൻസൂർ മല്ലത്ത്, ദേലംപാടി പഞ്ചായത്ത് പ്രസിഡൻ്റ് സി.എച്ച്. അഷ്റഫ് ഹാജി എന്നിവർ ആവശ്യപ്പെട്ടു.
