കണ്ണൂർ : സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച നാട്ടുവൈദ്യ കൗൺസിൽ ബിൽ നിയമസഭ പാസാക്കണമെന്നും പാരമ്പര്യ വൈദ്യ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കണമെന്നും സംസ്ഥാനത്തെ വിവിധ വൈദ്യ സംഘടനാ ഭാരവാഹികൾ പങ്കെടുത്ത ആയൂർവേദ പാരമ്പര്യ വൈദ്യ ഏകോപന സമിതിയുടെ സംസ്ഥാന സമിതി യോഗം ആവശ്യപ്പെട്ടു.
രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിക്ക് കാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് പുതിയ മരുന്നു കണ്ടുപിടിക്കാൻ ഗവേഷണം നടത്തുന്നതിന് സഹായിച്ചത് നാട്ടുവൈദ്യന്മാരുടെ പരന്പരാഗത അറിവുകൾ പ്രയോജനപ്പെടുത്തിയതിനാലാണ്. കരൾ കാൻസറിന് മരുന്നു കണ്ടുപിടിച്ചത് ആദിവാസി വൈദ്യൻ രോഗികൾക്ക് നൽകിക്കൊണ്ടിരിക്കുന്ന മരുന്നിൽ നിന്ന് ഘടകങ്ങൾ വേർതിരിച്ചതിനാലാണ്. അപൂർവ മരുന്നറിവുകൾ സംരക്ഷിക്കപ്പെടണം.വിവിധ രോഗങ്ങൾക്ക് നാട്ടിലേയും വനത്തിലേയും വൈദ്യന്മാരുടെ പക്കലുള്ള അറിവുകൾ കൈമോശം വരാതെ സംരക്ഷിക്കുന്നതിനായി പാരമ്പര്യ വൈദ്യ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കേണ്ടത് അറിവുകൾ അന്യം നിന്നു പോകാതിരിക്കാനും വരുംതലമുറയ്ക്കുള്ള ഗവേഷണങ്ങൾക്കും സഹായകരമാകും. 1200 ലേറെ ആയൂർവേദ ഗ്രന്ഥങ്ങളും അനേകായിരം താളിയോല ഗ്രന്ഥങ്ങളും ഉള്ളതിൽ നൂറിൽ താഴെ പുസ്തകങ്ങൾ മാത്രമാണ് അക്കാദമിക് പഠനത്തിനായി വിനിയോഗിക്കുന്നത്.ബാക്കിയുള്ള അറിവുകൾ അന്യം നിന്നു പോകാതെയും വിദേശികളുടെ ഗവേഷണങ്ങൾക്കായി കടൽ കടന്നു പോകാതിരിക്കാനുമായി പാരമ്പര്യ വൈദ്യ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനായി മുൻകൈയെടുത്ത എൽഡിഎഫ് സർക്കാരിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും പ്രമേയത്തിലൂടെ സമിതി അഭിനന്ദിച്ചു.കേരള ആയൂർവേദ പാരമ്പര്യ വൈദ്യ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി. രവീന്ദ്രൻ വൈദ്യർ ഉദ്ഘാടനം ചെയ്തു. സംഘടനാ രക്ഷാധികാരിബാലകൃഷ്ണൻ വൈദ്യർ അധ്യക്ഷത വഹിച്ചു. വിവിധ വൈദ്യ സംഘടനകളെ പ്രതിനിധീകരിച്ച് ജോസഫ് വൈദ്യർ, , ജോസ് വൈദ്യർ, മേരിക്കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.
