കൊച്ചി : മലയാളികളെ പൊട്ടിച്ചിരിപ്പിച്ചു മിമിക്രി വേദികളിലും സിനിമയിലും നിറഞ്ഞു നിന്ന നടൻ കലാഭവൻ നവാസ് (51) അന്തരിച്ചു. ചോറ്റാനിക്കരയിലെ ലോഡ്ജ് മുറിയിൽ വെള്ളിയാഴ്ച രാത്രി പത്തോടെ കുഴഞ്ഞുവീണ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം ഇവിടെ എത്തിയിരുന്നത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സൂചന. ഷൂട്ടിംഗ് അവസാന ദിവസമായതിനാൽ മുറിയിൽ എത്തി മടങ്ങാനിരിക്കുകയായിരുന്നു. ഷൂട്ടിങ് കഴിഞ്ഞെത്തി ഏറെ നേരമായിട്ടും പുറത്ത് വരാതിരുന്നപ്പോൾ ഹോട്ടൽ അധികൃതർ പരിശോധിച്ചപ്പോഴാണ് മരിച്ചനിലയിൽ വീണ്കിടക്കുന്നതു കണ്ടത്. തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിൽ സിനിമ, നാടക നടന്നായിരുന്ന അബൂബക്കറിന്റെ മകനായി ജനിച്ച അദ്ദേഹം, 1995 മുതൽ സിനിമയിൽ സജീവമായി. നടി രഹനയാണ് ഭാര്യ. മക്കൾ : മെഹ്റിൻ, റൈഹാൻ, റിസ്വാൻ. സിനിമാ സീരിയൽ നടൻ നിയാസ് ബക്കർ സഹോദരനാണ്. 1995 ൽ ചൈതന്യം എന്ന സിനിമയിൽ ആണ് നവാസ് ആദ്യമായി അഭിനയിക്കുന്നത്. മൃതദേഹം ചോറ്റാനിക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
