
കണ്ണൂർ : സംസ്ഥാനം തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആവേശ കൊടുമുടിയേറുമ്പോൾ ചിത്രത്തിലില്ലാതെ രണ്ടിടങ്ങളായി മട്ടന്നൂർ നഗരസഭയും കണ്ണൂർ കന്റോൺമെന്റും. ഭരണസമിതിയുടെ കാലാവധി തികയ്ക്കാൻ രണ്ടുവർഷം ശേഷിക്കുന്നതാണ് മട്ടന്നൂർ നഗരസഭയെ വേറിട്ട് നിർത്തുന്നതെങ്കിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടവകാശം ഇല്ലാത്തതാണ് കണ്ണൂർ കന്റോൺമെന്റിന്റെ പ്രത്യേകത.
തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിൽ നിൽക്കുമ്പോൾ സമീപ തദ്ദേശസ്ഥാനങ്ങളിലേക്ക് കണ്ണുനട്ട് നിൽപാണ് മട്ടന്നൂർ നഗരസഭ. കണ്ണൂർ ജില്ല ഡിസംബർ 11ന് പോളിംഗ് ബൂത്തിലേക്ക് പോവുമ്പോൾ മട്ടന്നൂർ തദ്ദേശ തിരഞ്ഞെടുപ്പിനായി ഇനിയും കാത്തിരിക്കണം. രണ്ടു വർഷത്തിന് ശേഷം എത്തുന്ന തിരഞ്ഞെടുപ്പിനായുള്ള കോപ്പുകൂട്ടലാവും പിന്നീട്. 2022 ൽ തിരഞ്ഞെടുപ്പിലൂടെ മട്ടന്നൂർ നഗരസഭയിൽ അധികാരത്തിലെത്തിയ ഭരണസമിതിക്ക് ഇനി 2027 സെപ്റ്റംബർ വരെ കാലാവധിയുണ്ട്. ഇതാണ് മട്ടന്നൂരിനെ 2025ലെ തദ്ദേശതിരഞ്ഞെടുപ്പ് ചിത്രത്തിൽ വേറിട്ടു നിർത്തുന്നത്.
1990 മുതൽ വർഷങ്ങളോളം നീണ്ടു നിന്ന നിയമപ്രശ്നത്തിന്റെ തുടർച്ചയാണ് മട്ടന്നൂരിനെ തുടർന്നിങ്ങോട്ട് വ്യത്യസ്തമാക്കുന്നത്. 1990ൽ ഇ.കെ നായനാർ മുഖ്യമന്ത്രിയായിരിക്കെയാണ് മട്ടന്നൂർ പഞ്ചായത്തിനെ നഗരസഭയാക്കിയത്. 1991ൽ വന്ന യുഡിഎഫ് സർക്കാർ മട്ടന്നൂരിനെ വീണ്ടും പഞ്ചായത്താക്കി. അതിനെതിരെ എൽഡിഎഫ് നിയമവഴിക്കിറങ്ങി. 1997ൽ ഇ.കെ നായനാർ സർക്കാർ തിരിച്ചെത്തിയപ്പോൾ മുൻകാല പ്രാബല്യത്തോടെ മട്ടന്നൂരിനെ വീണ്ടും നഗരസഭയാക്കി ഉത്തരവിറക്കി. മറ്റിടങ്ങളിലെല്ലാം 1995ൽ തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ നിയമക്കുരുക്കിൽപെട്ട മട്ടന്നൂരിൽ 1997ലാണ് തിരഞ്ഞെടുപ്പ് നടത്താനായത്. ഇതിന്റെ തുടർച്ചയായി നാടെങ്ങും തിരഞ്ഞെടുപ്പ് ചൂടിലായിരിക്കുമ്പോൾ മട്ടന്നൂർ പുറമേ ശാന്തമായിരിക്കും. രണ്ടുവർഷം കഴിഞ്ഞു വരുന്ന തദ്ദേശ തിരഞ്ഞെടുപ്പെന്ന ജനാധിപത്യത്തിന്റെ ആഘോഷത്തിനായി. തിരഞ്ഞെടുപ്പില്ലെങ്കിലും മട്ടന്നൂരിലെ നേതാക്കളും പ്രവർത്തകരും അടുത്തുള്ള തദ്ദേശസ്ഥാപനങ്ങളിൽ പ്രവർത്തനങ്ങളിൽ സജീവമാണ്.
2025 ലെ മണ്ഡല പുനർനിർണയത്തിന് ശേഷം 35 ഡിവിഷനുകളാണ് മട്ടന്നൂർ നഗരസഭയിൽ ഉള്ളത്. ഇവയിലേക്ക് 2027 ൽ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ സംസ്ഥാനത്തിന്റെ ശ്രദ്ധാകേന്ദ്രം മട്ടന്നൂരാകും.
കണ്ണൂർ കോർപ്പറേഷന്റെ ഉള്ളിൽ; തദ്ദേശവോട്ടിനില്ല
തലങ്ങും വിലങ്ങും അനൗൺസ്മെന്റ് വാഹനങ്ങളില്ല. വീടുകയറിയിറങ്ങുന്ന സ്ഥാനാർഥികളില്ല. തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികളുടെ കാഴ്ചകളില്ല. ഭൂമിശാസ്ത്രപരമായി കണ്ണൂർ കോർപ്പറേഷനിലാണ്. പക്ഷെ ഭരണം കന്റോൺമെന്റ് ബോർഡിനാണ്. ഇത് കേന്ദ്ര പ്രതിരോധമന്ത്രാലയത്തിന്റെ കീഴിൽ കേരളത്തിലെ ഏക കന്റോൺമെന്റായ കണ്ണൂർ.
പാർലമെന്റിലേക്കും നിയമസഭയിലേക്കും കന്റോൺമെന്റ് നിവാസികൾക്ക് വോട്ടുചെയ്യാമെങ്കിലും കണ്ണൂർ കോർപ്പറേഷന് നടുവിൽ സ്ഥിതി ചെയ്യുന്ന കന്റോൺമെന്റ് നിവാസികൾക്ക് തദ്ദേശ തിരഞ്ഞടുപ്പിൽ വോട്ടു ചെയ്യാനാവില്ല. പകരം കന്റോൺമെന്റ് ബോർഡിലേക്ക് പ്രത്യേകമായി അഞ്ചുവർഷത്തിലൊരിക്കൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാം. 2011 കാനേഷുമാരി പ്രകാരം 4798 ആണ് കണ്ണൂർ കന്റോൺമെന്റിലെ ജനസംഖ്യ. ഇതിൽ 1867 പേരാണ് സാധാരണ പൗരന്മാരായുള്ളത്. ശേഷിക്കുന്നവർ സൈനിക ഉദ്യോഗസ്ഥരാണ്.
കണ്ണൂർ കന്റോൺമെന്റ് പ്രദേശങ്ങളെ ഉൾപ്പെടുത്തി ആറ് ഇലക്ടറൽ വാർഡുകൾ നിലവിലുണ്ട്. ഈ വാർഡുകളിൽ നിന്നുള്ള ജനപ്രതിനിധികൾക്കായുള്ള തിരഞ്ഞെടുപ്പിൽ കന്റോൺമെന്റ് നിവാസികളായ പൗരന്മാർക്ക് വോട്ട് ചെയ്യാം. തെരഞ്ഞെടുക്കുന്ന ആറു ജനപ്രതിനിധികളും ആറു പട്ടാള ഉദ്യോഗസ്ഥരുമടങ്ങുന്നതാണ് കന്റോൺമെന്റ്റ് ബോർഡ്. ബോർഡിന്റെ പ്രസിഡന്റ് മിലിട്ടറി കമാൻഡന്റ് ആയിരിക്കും. ബോർഡ് വൈസ് പ്രസിഡന്റ് തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളിൽ ഒരാളായിരിക്കും. സംസ്ഥാനത്തെ മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിർവ്വഹിക്കുന്ന എല്ലാ ചുമതലകളും സേവനങ്ങളും കന്റോൺമെന്റുകളിലുമുണ്ടെങ്കിലും സംസ്ഥാന സർക്കാറുമായി കന്റോൺമെന്റുകൾക്ക് നേരിട്ട് ബന്ധമില്ല. കന്റോൺമെന്റ് പ്രദേശത്തെ ജനങ്ങളിൽ നിന്നും ലഭിക്കുന്ന വസ്തുനികുതിയും തൊഴിൽ നികുതിയും കേന്ദ്രത്തിൽ നിന്നും ലഭിക്കുന്ന ഗ്രാന്റുകളുമൊക്കെയാണ് പ്രധാന വരുമാന സ്രോതസ്സ്.
2015 ലാണ് കന്റോൺമെന്റുകളിലേക്ക് അവസാനമായി തെരഞ്ഞടുപ്പു നടന്നത്. 2020ൽ കാലാവധി പൂർത്തിയായ ബോർഡിന് ഒരു വർഷം കൂടി കാലാവധി നൽകിയിരുന്നു. 2021 ൽ കാലാവധി കഴിഞ്ഞെങ്കിലും അതിനു ശേഷം തെരഞ്ഞെടുത്ത ഭരണസമിതി ഉണ്ടായിട്ടില്ല. 2023ൽ കന്റോൺമെന്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടത്താൻ കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നുവെങ്കിലും പിന്നീട് തെരഞ്ഞെടുപ്പ് പ്രക്രിയകൾ നിർത്തിവെച്ചതായി പ്രഖ്യാപിച്ച് ഉത്തരവിടുകയായിരുന്നു.