
കാസർഗോഡ്. കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ പാർക്കിംഗ് ഫീസ് ഈടാക്കുന്നതിൽ കൊള്ളയെന്ന് ആക്ഷേപം ഉയരുന്നു.
കാറിന് 24 മണിക്കൂർ പാർക്കിംഗ് ചാർജ് 100 രൂപയാണ്. അരമണിക്കൂർ ട്രെയിൻ ലേറ്റായതിന്റെ പേരിൽ ഫീസ് ഈടാക്കിയത് ഇരട്ടി ചാർജായ 200 രൂപയും.ഇത് കാറുടമ ചോദ്യം ചെയ്തപ്പോൾ റെയിൽവേയുടെ കമ്പ്യൂട്ടറിൽ വരുന്ന തുകയാണെന്നാണ് പാർക്കിംഗ് ഏറ്റെടുത്ത കരാർ ജീവനക്കാർ പറയുന്നത്.
കാസർഗോഡ് റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് കൊള്ളയ്ക്കെതിരെ നേരത്തെയും നിരവധി പരാതികൾ ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് റെയിൽവേ സ്റ്റേഷന് പുറത്ത് ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്.റെയിൽവേ സ്റ്റേഷനിൽ അകത്തുള്ള പേ പാർക്കിംഗ് വേണ്ടത്ര വാഹനങ്ങളെ ഉൾക്കൊള്ളാൻ കഴിയാത്ത അവസ്ഥയുമുണ്ട്. ഇതിന് കൂടുതൽ സ്ഥലസൗകര്യം ഏർപ്പെടുത്താനും അധികൃതർക്ക് കഴിഞ്ഞിട്ടുമില്ല.
നിലവിലെ പേ പാർക്കിംഗ് ചാർജ് ഇങ്ങനെ: സൈക്കിൾ മണിക്കൂറിന് 5രൂപ,24 മണിക്കൂറാണെങ്കിൽ 25രൂപ.ടൂവീലർ-ത്രീവീലർ:ഒരു മണിക്കൂർ 10രൂപ,ആറുമണിക്കൂർ 15,24 മണിക്കൂർ 30.ഫോർ വീലർ:കാർ,ജീപ്പ്,വാൻ,ടെമ്പോ.ഒരു മണിക്കൂർ 20 രൂപ, 6മണിക്കൂർ അറുപത് രൂപ,24 മണിക്കൂർ 100 രൂപ. ബസ്,ഹെവി വാഹനങ്ങൾ: മണിക്കൂറിൽ 70 രൂപ, 6മണിക്കൂറിൽ 250 രൂപ.ഇതിൽ പറയുന്ന തുകയാണ് അരമണിക്കൂർ ട്രെയിൻ വൈകി എത്തിയെങ്കിൽ ഇരട്ടിയായി ഈടാക്കുന്നത്
