തിരുവഞ്ചിറ നിറഞ്ഞൊഴുകി ഭക്തജനങ്ങൾ
BY കെ കെ പത്മനാഭന്
കൊട്ടിയൂർ : ( കണ്ണൂര് ) ഒഴിവ് ദിവസമായ ശനിയാഴ്ച പെരുമാളെ ദർശിക്കാൻ എത്തിയത് പതിനായിരങ്ങൾ. പുലർച്ചെ മുതൽ ആരംഭിച്ച ഭക്തജന ത്തിരക്കിൽ തിരുവഞ്ചിറയിൽ നിറഞ്ഞൊഴുകി ഭക്തജനങ്ങൾ. മണിക്കൂറുകൾ ക്യൂ നിന്നാണ് ഭക്തജനങ്ങൾക്ക് പെരുമാളിനെ ദർശിക്കാനായത്. ഉച്ചശീവേലിയോടെയാണ് തിരക്കിന് അല്പം ശമനം ഉണ്ടായത്.കഴിഞ്ഞ ശനി, ഞായർ ദിവങ്ങളിൽ ഗതാഗതക്കുരുക്കിൽപെട്ട് ജനങ്ങൾ ഏറെ വലഞ്ഞിരുന്നു. 5 കിലോമീറ്റർ പിന്നിടാൻ അന്ന് 8 മണിക്കൂർവരെ കാത്ത് നിൽക്കേണ്ടിവന്നിരുന്നു. എന്നാൽ ഈ ആഴ്ച തിരക്ക് കുറക്കാൻ അധികൃതർ പുതിയ ക്രമീകരണങ്ങൾ നടത്തിയത് ഒരു പരിധിവരെ ഭക്തർക്ക് അനുഗ്രഹമായി. പാൽച്ചുരം റൂട്ടിൽ ഗതാഗത നിയന്ത്രണം കൊണ്ട് വന്നതിനൊപ്പം പുലർച്ചെ മുതൽ തന്നെ കൊട്ടിയൂരിലെത്തിയ ടൂറിസ്റ്റ് ബസ്സ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങളിലെ ഭക്തജനങ്ങളെ കൊട്ടിയൂരിൽ ഇറക്കിയ ശേഷം കേളകം, ചുങ്കക്കുന്ന് മേഖലകളിൽ പാർക്കിംഗിങ്ങിന് സൗകര്യമൊരുക്കി അങ്ങോട്ട് മാറ്റുകയും ചെയ്തു. അതിനാൽ ഗതാഗതക്കുരുക്കിന് ഏറെ ശമനമുണ്ടാക്കാൻ കഴിഞ്ഞു.ജൂൺ 24 ന് ചൊവ്വാഴ്ച രോഹിണി ആരാധന നടക്കും. വൈശാഖ മഹോത്സവത്തിലെ അതി പ്രധാന ചടങ്ങായ ആലിംഗന പുഷ്പാജ്ഞലി അന്നാണ് നടക്കുക. ജൂൺ 26 നാണ് തൃക്കൂർ അരിയളവും നടക്കും.

