കാസർഗോഡ് :അത്യുത്തര കേരളത്തിലെ റെയിൽ യാത്രക്കാർ നേരിടുന്ന സൗകര്യങ്ങളുടെ അപര്യാപ്തത സംബന്ധിച്ചും അതിൽ അടിയന്തിരമായി സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ചും കാസർഗോഡ് എം പി രാജ്മോഹൻ ഉണ്ണിത്താൻ നൽകിയ നിർദേശങ്ങളിൽ തുടർനടപടിവേഗത്തിലാക്കാൻ റെയിൽ പാസ്സഞ്ചർ അസോസിയേഷൻ പ്രസിഡന്റ് ആർ പ്രശാന്ത് കുമാർ ദക്ഷിണ റെയിൽവേ യുടെ പാലക്കാട് ഡിവിഷൻ അഡിഷണൽ ഡിവിഷണൽ മാനേജർഎംജയകൃഷ്ണന് നിവേദനം നൽകി.
കോഴിക്കോട് ഭാഗത്ത് നിന്ന് വൈകീട്ട് മുതൽ പാതിരാത്രി വരെ കാസറഗോട്ടേക്കും തിരിച്ചും പ്രതിദിന ഹൃസ്വ ദൂര വണ്ടികൾ ഇല്ലാത്തതും ഈ ഭാഗത്തുള്ള സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത സീസൺ ടിക്കറ്റ് യാത്രക്കാരുടെ ദുരിതങ്ങൾ എന്നിവ പരിഹരിക്കാനുള്ള നിർദേശങ്ങളിൽ അനുഭാവ പൂർണമായ നടപടികൾ കൈകൊള്ളുമെന്നു അഡീഷണൽ ഡിവിഷണൽ മാനേജർ പ്രതികരിച്ചു.
ഇത് സംബന്ധിച്ച് യാത്രക്കാരുടെ പ്രതിനിധികളുടെ സാനിധ്യത്തിൽ കാസർഗോഡ് വെച്ചു ചർച്ച ചെയ്യാൻ റെയിൽവേ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർക്കണമെന്ന് ആവശ്യപ്പെട്ട് രാജ്മോഹൻ ഉണ്ണിത്താൻ എം പി റയിൽവേ സോൺ ജനറൽ മാനേജർക്ക് മെയിൽ അയച്ചിട്ടുണ്ട്.
