By അഖില
പാലക്കാട്: ശ്രീകൃഷ്ണപുരം സെന്റ്ഡോമിനിക് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട്സ്കൂളില് വിളിച്ചു ചേര്‍ത്ത രക്ഷിതാക്കളുടെ യോഗത്തില്‍ വന്‍ പ്രതിഷേധം. സ്കൂളില്‍ കുട്ടികള്‍ നേരിടുന്ന ദുരനുഭവങ്ങള്‍ രക്ഷിതാക്കള്‍ ഒന്നൊന്നായി പങ്കുവയ്ക്കുകയായിരുന്നു. വിദ്യാര്‍ഥികളെ കായികമായി നേരിടുന്നതും മാനസികമായി തളര്‍ത്തുന്നതുമായ അനുഭവങ്ങള്‍ ആണ് രക്ഷിതാക്കള്‍ പറഞ്ഞത്. ആത്മഹത്യ ചെയ്ത കുട്ടിയുടെ ക്ലാസ്സില്‍ ഉള്ള കുട്ടിയുടെ രക്ഷിതാവിന്റെ വാക്കുകള്‍ : “ പ്രോജക്റ്റ് പുസ്തകം കൊണ്ട് പോകാന്‍ ഒരു ദിവസം വൈകിയതിനു അധ്യാപികയായ സ്റ്റെല്ലാ ബാബു മകന്റെ മുഖത്തടിച്ചു…സ്കൂളില്‍ വരാനാകാതെ മകന് പതിനൊന്നു ദിവസം ട്രോമയില്‍ ആയിരുന്നു..മരിച്ച മോളുടെ ക്ലാസ്മേറ്റ് ആണ് എന്റെ മകന് “
ഈ സ്കൂളില്‍ ഒരു രക്ഷിതാവിനും സംസാരിക്കാന്‍ അവസരമോ അവകാശമോ ഇല്ലെന്നും പലപ്രാവശ്യം ശ്രമിച്ചിട്ടും പ്രിന്‍സിപ്പാലിനെ കാണാന്‍ പോലും സാധിച്ചില്ല എന്നും മറ്റു രക്ഷിതാക്കളും പറയുന്നു. കുട്ടികള്‍ ഉണ്ടെങ്കിലെ സ്കൂള്‍ ഉള്ളൂ, അത് ഉണ്ടെങ്കിലേ ജീവനക്കാര്‍ ഉള്ളൂ എന്ന് ഈ സ്കൂളില്‍ ആരും മനസ്സിലാക്കിയിട്ടില്ല എന്ന് ഒരു രക്ഷിതാവ് പറഞ്ഞു.
അതെ സമയം സംഭവവുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പാള്‍ ഒ പി ജോയിസി, പ്രോഗ്രാം ഇന്‍ ചാര്‍ജ് സ്റ്റെല്ല ബാബു , ടീച്ചര്‍ തങ്കം എന്നിവരെ പുറത്താക്കിയതായി സ്കൂള്‍ മാനെജ്മെന്റ് അറിയിച്ചു. രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് നടപടി. തച്ചനാട്ടുകര പ്രശാന്ത് കുമാര്‍ -സജിത ദമ്പതികളുടെ മകള്‍ ആശിര് നന്ദ (14) ആണ് സ്കൂളിലെ മാനസിക പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയത്.

