തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂകളുകളിൽ ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി നടപ്പാക്കുന്ന സൂംബ ഡാൻസ് പരിപാടിയിൽ നിന്ന് വിട്ടുനിൽക്കുമെന്ന പരസ്യമായി പ്രഖ്യാപിച്ച അധ്യാപകനെതിരെ നടപടിക്ക് നീക്കം. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറിയും അധ്യപകനുമായ ടി.കെ.അഷ്റഫനെതിരെ 24 മണിക്കൂറിനകം സസ്പെൻഷനടക്കമുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ കത്ത് നൽകി. അഷ്റഫ് ജോലി ചെയ്യുന്ന സ്കൂള്‍ മാനേജർക്കും പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടർക്കുമാണ് കത്ത് നൽകിയത്
സർക്കാറിനെയും പൊതുവിദ്യഭ്യാസ വകുപ്പിനെയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടുവെന്നതാണ് പ്രധാന പരാതി. ടി.കെ.അഷ്റഫിന്റെ എഫ്.ബി പോസ്റ്റും കത്തിന് കൂടെ വെച്ചിട്ടുണ്ട്.
സൂംബ ഡാൻസ് പരിപാടിക്കെതിരെ ആദ്യമായി വിമർശനവുമായി രംഗത്തെത്തിയത് ടി.കെ അഷറഫ് ആയിരുന്നു. സൂംബ ഡാൻസ് കളിക്കണമെന്ന നിർദേശം പാലിക്കാൻ തയാറല്ലെന്നും ഒരു അധ്യാപകനെന്നനിലയിൽ താൻ വിട്ടുനിൽക്കുകയാണെന്നും ഈ വിഷയത്തിൽ ഏത് നടപടിയും നേരിടാൻ താൻ തയാറാണെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചിരുന്നു
‘ഞാൻ പൊതു വിദ്യാലയത്തിലേക്ക് എന്റെ കുട്ടിയെ അയക്കുന്നത് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലക്ഷ്യം വെച്ചാണ്. ആൺ-പെൺ കൂടിക്കലർന്ന് അല്പവസ്ത്രം ധരിച്ച് മ്യൂസിക്കിന്റെ താളത്തിൽ തുള്ളുന്ന സംസ്കാരം പഠിക്കാൻ വേണ്ടിയല്ല. ഇത് പുരോഗമനമായി കാണുന്നവർ ഉണ്ടായേക്കാം. ഞാൻ ഈ കാര്യത്തിൽ പ്രാകൃതനാണ്. ഈ പരിപാടിയോട് മാനസികമായി യോജിക്കാത്ത ധാരാളം അധ്യാപകരും വിദ്യാർഥികളുംരക്ഷിതാക്കളും ഉണ്ട്. പ്രതികരിച്ചാൽ എന്താകുമെന്ന ഭീതിയാണ് പലരെയും അസ്വസ്ഥരാക്കുന്നത്. ഇത് ചെയ്തില്ലെങ്കിൽ ഡിപ്പാർട്ട്മെൻറിന് വിശദീകരണം നൽകേണ്ടി വരുമെന്നും നടപടി വരുമെന്നൊക്കെ പറഞ്ഞ്പേടിപ്പിക്കാൻശ്രമിക്കുന്നതായും ശ്രദ്ധയില്‍പെട്ടു. ഇതിൽ നിന്ന് മാറി നിന്നാൽ എന്താണ് സർക്കാർ എടുക്കുന്ന നടപടിയെന്ന് അറിയാൻ വേണ്ടി തന്നെയാണ് പരസ്യമായി ഈ നിലപാട് പറയുന്നത്. വിദ്യാഭ്യാസ രംഗത്തുള്ള ഈ ഭയപ്പെടുത്തൽ ബ്രൈക്ക് ചെയ്തില്ലെങ്കിൽ ഇതിലും വലിയ പ്രതിസന്ധികൾക്ക് നാം തല വെച്ച് കൊടുക്കേണ്ടി വരും.’- എന്നാണ്, ടി.കെ അഷ്റഫ് ഫേസ്ബുക്കിൽ കുറിച്ചത്.
