തിരുവനന്തപുരം: നാളെ സംസ്ഥാനത്ത് കെ എസ് യു വിദ്യാഭ്യാസ ബന്ദിനു ആഹ്വാനം ചെയ്തു. കെ എസ് യുവിന്റെ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്കു നേരെ നടത്തിയ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തതിരിക്കുന്നത്. കെ എസ് യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആയിരുന്നു ഇന്ന് സെക്രട്ടറിയേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നത്. കെ എസ് യു പ്രവര്‍ത്തകരും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മാര്‍ച്ചിനെ പ്രതിരോധിക്കാന്‍ പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിക്കുരയും ലാത്തി ചാര്‍ജ് നടത്തുകയും ചെയ്തു. പ്രകോപിതരായ വിദ്യാര്‍ത്ഥികള്‍ പൊലീസിന് നേരെ കല്ലെറിയുകയും ചെയ്തു. സംഘര്‍ഷത്തിനിടെ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ അടക്കമുള്ളവര്‍ക്ക് പരിക്കേറ്റു.
സംസ്ഥാന സര്‍ക്കാരിന്റെ വികലമായ വിദ്യാഭ്യാസ നയത്തിനെതിരെയാണ് കെ എസ് യു സംസ്ഥാന കമ്മിറ്റി സെക്രട്ടറിയേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചത്. കേരളത്തിലെ തകരുന്ന വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക, കേരള സാങ്കേതിക സര്‍വകലാശാല വിദ്യാര്‍ത്ഥി വിരുദ്ധമായി നടപ്പാക്കിയ ഇയര്‍ ബാക്ക് സിസ്റ്റം പിന്‍വലിക്കുക, മുടങ്ങി കിടക്കുന്ന എല്ലാ യൂണിവേഴ്സിറ്റികളുടേയും വിസി നിയമനവും എല്ലാ സ്ഥിര അധ്യാപക തസ്തികകളും പൂര്‍ത്തിയാക്കുക, സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളോടുള്ള അനാസ്ഥ അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യമുയര്‍ത്തിയായിരുന്നു കെ എസ് യുവിന്റെ മാര്‍ച്ച്.
