വി എസ് അച്യുതാനന്ദന് കാസർഗോഡ് ജില്ലയിലെ എന്ടോ സൾഫാൻ ഇരകൾക്ക് വേണ്ടി പോരാടിയ നേതാവായിരുന്നു. പ്രതിപക്ഷ നേതാവായിരിക്കുമ്പോഴും മുഖ്യമന്ത്രിയായിരുക്കുമ്പോഴും ഇരകള്‍ക്ക് വേണ്ടി സഭക്ക് അകത്തും പുറത്തും പോരാടിയ നേതാവ്. എന്റോസള്ഫാന് വിഷമഴയില്‍ ജീവിതം ദുരിതത്തിലേക്ക് തള്ളിവിടപ്പെട്ടവരുടെ പ്രതീക്ഷയായിരുന്നു അദ്ദേഹം. പ്ലാന്റേഷൻ തോട്ടങ്ങളുടെ സമീപ ഗ്രാമങ്ങളിലെത്തി വി എസ് അച്യുതാനന്ദന് ദുരിതജീവിതങ്ങളെ കണ്ടു. പരിസ്ഥിതി പ്രവർത്തകരുമായും നാട്ടുകാരുമായും ആരോഗ്യവിദഗ്ധരുമായും നിരന്തരം സംസാരിച്ചു. ഇതിലൂടെ അദ്ദേഹം നടത്തിയ അദ്ദേഹം നടത്തിയ ഇടപെടലിലൂടെയാണ് കശുവണ്ടിത്തോട്ടങ്ങളിൽ പെയ്ത വിഷമഴയുടെ രൂക്ഷത ലോകം ശ്രദ്ധിച്ചത്. 11 പഞ്ചായത്തുകളിലെ അനേകം മനുഷ്യരുടെ ജീവിതത്തെ എൻഡോസൾഫാൻ നരകതുല്യമാക്കിയ നാളുകളിലാണ് അദ്ദേഹം കാസർകോട് എത്തിയത്. തുടര്‍ന്ന് പ്രതിപക്ഷ നേതാവായും മുഖ്യമന്ത്രിയായും വിഭിന്നമായ റോളുകളിൽ കാസർകോട്ടെ എൻഡോസൾഫാൻ ഇരകൾക്ക് വേണ്ടി നിലകൊണ്ടു.
2002ൽ പ്രതിപക്ഷ നേതാവായിരിക്കെയാണ് അദ്ദേഹം ആദ്യമായി നിയമസഭയിൽ എൻഡോസൾഫാൻ വിഷയം ഉന്നയിച്ച. 2006ൽ എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയപ്പോൾ മുഖ്യമന്ത്രിയാവുകയും ഇരകൾക്ക് ധനസഹായമെത്തിക്കാൻ തീരുമാനിക്കുകയുമായിരുന്നു.
2006 ഓഗസ്റ്റ് 11 ന് ഇരകളുടെ ആശ്രിതർക്ക് അരലക്ഷം രൂപ വീതം ആശ്വാസധനം പ്രഖ്യാപിച്ചു. പിന്നീട് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം അനുവദിക്കാനുള്ള തീരുമാനത്തിലേക്ക് നയിച്ചത് അന്നത്തെ നിലപാടുകളാണ്.
2002ൽ എൻഡോസൾഫാൻ പ്രശ്നത്തിലേക്ക് നിയമസഭയുടെ ശ്രദ്ധക്ഷണിക്കാൻ കാസർകോട്ടെ അനേകം മനുഷ്യരിൽനിന്നും മാധ്യമങ്ങളിൽനിന്നും വിവരങ്ങൾ സമാഹരിച്ചു. ദുരിതമനുഭിക്കുന്നവർ ഏറെയുള്ള എൻമകജെയും ബോവിക്കാനവും സന്ദർശിച്ച് ദുരിതം നേരിട്ട് മനസിലാക്കി. അവിടുത്തെ ചിത്രങ്ങൾ ഉയർത്തിക്കാട്ടിയാണ് വിഎസ് നിയമസഭയിൽ സംസാരിച്ചത്. ആ ചിത്രങ്ങൾ കണ്ട് ഉള്ളുലഞ്ഞ കേരളം വി എസിന്റെ പോരാട്ടത്തിനൊപ്പം നിന്നു. അന്ന് വി എസിന്റെ നിയമസഭയിലെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞ കൃഷിമന്ത്രി കെ ആര് ഗൗരിയമ്മ എന്‍ഡോസള്‍ഫാന്‍മൂലം പാരിസ്ഥിതിക പ്രശ്നമുണ്ടായിട്ടേയില്ല, ആരും മരിച്ചിട്ടുമില്ല എന്ന ഖണ്ഡിതമായ മറുപടിയാണ് നല്‍കിയത്. ഏതാനും ദിവസത്തിനകം വി എസ് വീണ്ടും കാസര്‍കോട് എത്തുകയും ഒരിക്കല്‍ക്കൂടി എന്‍ഡോസള്‍ഫാന്‍ ഇരകളെ കാണുകയും എല്‍ഡിഎഫ് നേതൃത്വത്തിലുള്ള സമരം ഉദ്ഘാടനംചെയ്യുകയും ചെയ്തു.
2006ൽ മുഖ്യമന്ത്രിയായിരിക്കെ ഒരാനുകാലികത്തിൽ വന്ന ശരീരമാകെ കറുത്തകുത്തുപോലെ വ്രണംപിടിച്ച കുഞ്ഞിന്റെ കവർഫോട്ടോ കണ്ട വി എസ് ഉടൻ ലേഖനമെഴുതിയ എഴുത്തുകാരൻ എം എ റഹ്മാനെ വിളിപ്പിച്ച് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. മുഖ്യമന്ത്രി ഉടൻ തന്നെ കൃഷിമന്ത്രിയെ വിളിച്ചുവരുത്തി കാര്യങ്ങൾ സംസാരിച്ചു. അന്ന് സെക്രട്ടറിയറ്റലുണ്ടായ അന്നത്തെ കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം വി ബാലകൃഷ്ണനെയും മുഖ്യമന്ത്രി വിളിച്ച് വിവരങ്ങൾ തേടി. ഒരാഴ്ചയ്ക്കകം 178 പേർ മരിച്ചെന്ന വിവരം മുഖ്യമന്ത്രിക്ക് ലഭിച്ചു. മൂന്നുദിവസത്തിനകം വി എസും ആരോഗ്യമന്ത്രി പി കെ ശ്രീമതിയും കാസർകോട്ടെത്തി.
യഥാർഥ മരണസംഖ്യ 600-ൽ അധികമാണെന്ന് അഭിപ്രായമുയർന്നതോടെ വീണ്ടും സൂക്ഷ്മമായ സർവേ നടത്തി. ജനപ്രതിനിധികളുടെ യോഗം തിരുവനന്തപുരത്ത് വിളിച്ച് എൻഡോസൾഫാൻ ഇരകളെ പുനരധിവസിപ്പിക്കുന്നതിനുള്ള കർമപദ്ധതി തയ്യാറാക്കി. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അലവൻസ് പ്രഖ്യാപിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ ചരിത്രപരമായ പ്രഖ്യാപനമാണ് എൻഡോസർഫാൻ ഇരകൾക്ക് ലഭിച്ച ഈ നീതി. എൻഡോസൾഫാൻ പുനരധിവാസകാര്യങ്ങൾ കൈകാര്യംചെയ്യാൻ സെക്രട്ടറിയറ്റിൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രത്യേകം സംവിധാനമുണ്ടാക്കി. ആരോഗ്യ സെക്രട്ടറി ഉഷാ ടൈറ്റസിനെ മേൽനോട്ട ചുമതലയേൽപ്പിച്ചു. പിന്നീട് എൻഡോസൾഫാൻ പ്രശ്നത്തിൽ കൂടുതൽ സഹായമെത്തിക്കുന്നതിനുള്ള പദ്ധതികളുണ്ടായി.
