കാസര്‍ഗോഡ്: വിദ്യാർഥികളുടെ യാത്രനിരക്ക് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജൂലൈ എട്ടിന് സംസ്ഥാന വ്യാപകമായി സ്വകാര്യ ബസുകൾ സൂചന പണിമുടക്ക് നടത്തും. തീരുമാനമുണ്ടായില്ലെങ്കിൽ ജൂലൈ 22 മുതൽ അനിശ്ചിതകാലത്തേക്ക് സർവിസ് നിർത്തി വയ്ക്കും. പ്രവർത്തന ചെലവിലെ വർധനയും യാത്രക്കാരുടെ എണ്ണത്തിലെ കുറവും മൂലം സ്വകാര്യ ബസ് മേഖല വളരെയേറെ പ്രതിസന്ധിയിലാണന്നു ബന്ധപ്പെട്ടവര്‍ പറഞ്ഞു.ബസുകളുടെ എണ്ണം വർഷം തോറും കുറഞ്ഞുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് 32,000ത്തോളം ബസുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് നിലവിൽ 8000ത്തോളം ബസുകൾ മാത്രമാണുള്ളതെന്നും അവര്‍ വ്യക്തമാക്കി. .
സംസ്ഥാനത്തെ സ്വകാര്യ ബസുകൾക്ക് ഒരുവിധ ആനുകൂല്യങ്ങളും നൽകാതെ കെ.എസ്.ആർ. ടി.സിയുടെ രക്ഷകരായി മാത്രമാണ് സർക്കാർ പ്രവർത്തിക്കുന്നത്. ഗതാഗത മന്ത്രി ചർച്ചക്ക് തയാറാകുന്നില്ലെന്നും ഏകപക്ഷീയമായാണ് കാര്യങ്ങൾ ചെയ്യുന്നതെന്നും ബസുടമകൾ ആരോപിച്ചു. അശാസ്ത്രീയ നിബന്ധനകളാണ് സ്വകാര്യ ബസുകൾക്ക് മേൽ അടിച്ചേൽപ്പിക്കുന്നത്. പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്നിർബന്ധമാക്കിയതുമൂലം തൊഴിലാളികളെ കിട്ടാത്ത അവസ്ഥയാണ്. ഈ തീരുമാനം പിൻവലിക്കണം. ഗതാഗതമന്ത്രി കെ.എസ്.ആർ.ടി.സിയുടെ മാത്രം മന്ത്രിയല്ല, സ്വകാര്യ ബസുകളെ കൂടി പരിഗണിക്കണമെന്നും ബസുടമകൾ ആവശ്യപ്പെട്ടു.

