മോട്ടോർ വാഹന വകുപ്പ് നടപടി കേരള കെഎസ്ആർടിസിയിൽ ഒതുങ്ങുന്നതായി പരാതി
കാസർഗോഡ്: മനപ്പൂർവമല്ലാതെ വാതിലടക്കാൻ വിട്ടുപോകുന്ന കേരള കെഎസ്ആർടിസി ബസ്സുകൾക്ക് വലിയ പിഴ ചുമത്തുന്ന മോട്ടോർ വാഹന വകുപ്പ് അധികൃതർ വാതിൽ തുറന്നു വെച്ചും, കെട്ടിവെച്ചും അമിതവേഗതയിൽ കാസർഗോഡ്- മംഗലാപുരം റൂട്ടിൽ സർവീസ് നടത്തുന്ന കർണാടക കെഎസ്ആർടിസി ബസ്സുകൾക്കെതിരെ കണ്ണടയ്ക്കുകയാണെന്ന് യാത്രക്കാരുടെ പരാതി.
കാസർഗോഡ്-മംഗളൂരു ദേശീയപാതയിൽ സർവീസ് നടത്തുന്ന കർണാടക കെഎസ്ആർടിസി ബസ്സുകൾ ഭൂരിഭാഗവും വാതിൽ തുറന്നിട്ടാണ് സർവീസ് നടത്തുന്നത്. ബസ്സുകളിലെ വാതിലുകൾ കെട്ടിയിട്ടിരിക്കുന്നതും കാണാം.കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസ്സുകൾ കാസർഗോഡ്- മംഗലാപുരം റൂട്ടിൽ അശ്രദ്ധയിലും, അമിതവേഗതയിലുമാണ് സർവീസ് നടത്തുന്നതെന്ന പരാതി നേരത്തെ തന്നെയുണ്ട്. അതും വാതിൽ തുറന്നു വെച്ചാകുമ്പോൾ അപകട വ്യാപ്തി വർദ്ധിക്കുന്നുമുണ്ട്. തലപ്പാടിയിൽ കഴിഞ്ഞമാസം കർണാടക ട്രാൻസ്പോർട്ട് ബസ് നിയന്ത്രണം വിട്ട് ഓട്ടോയിലിടിച്ച് ആറു പേർ മരിക്കാനിടയായത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. നാട്ടുകാർ ഈ റൂട്ടിലെ ബസുകൾ തടഞ്ഞു വെച്ച് ബസ്സുകളുടെ സർവീസിന് യോഗ്യമല്ലാത്ത പോരായ്മകൾ ചൂണ്ടിക്കാട്ടിയിരുന്നു. എന്നിട്ടും അമിതവേഗതയ്ക്കോ, അശ്രദ്ധയോടെയുള്ള സർവീസിനോ ഒരു കുറവുമില്ല. അന്വേഷണങ്ങളും, പരിശോധനകളും അപകടം നടന്ന ഒരു ദിവസത്തിൽ തന്നെ ഒതുങ്ങി.
ബസ്സുകൾ ഡിപ്പോയിൽ നിന്ന് സർവീസ് നടത്തുമ്പോൾ പൂർണ്ണ സജ്ജമാണോ എന്ന കാര്യത്തിൽ കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ വേണ്ടത്ര പരിശോധന നടത്തുന്നില്ലെന്നാണ് യാത്രക്കാരുടെ ആക്ഷേപം. യാത്രക്കാർക്ക് കയറുന്ന വാതിലുകൾക്ക് പോലും സുരക്ഷ ഒരു ക്കാൻ അതികൃതർക്ക് കഴിയുന്നില്ല.കേരള മോട്ടോർ വാഹന ഉദ്യോഗസ്ഥർ കേരളത്തിലെ മറ്റു വാഹനങ്ങൾ പരിശോധിക്കാറുണ്ടെങ്കിലും കർണാടക ട്രാൻസ്പോർട്ട് ബസുകളെ ഇത്തരം പരിശോധനയിൽ നിന്ന് ഒഴിവാക്കുകയാണ്. സർവീസ് റോഡിലൂടെ ഓടേണ്ട കേരള-കർണാടക കെഎസ്ആർടിസി ബസ്സുകൾ മത്സര ഓട്ടത്തിൽ പലപ്പോഴും നിയമം ലംഘിച്ച് ദേശീയപാതയിലൂടെ ഓടുന്നതും അധികൃതർ കണ്ടില്ലെന്നു നടിക്കുകയാണ്. ഇതിന്റെ ദുരന്തഫലമായിരുന്നു തലപ്പാടിയിലെ അപകടവും.
