
കാസർഗോഡ് :അയ്യപ്പ സംഗമത്തിൻ്റെ മറവിൽ കേരളത്തിലേക്ക് സി.പി.എമ്മും കേരള സർക്കാരും കൊണ്ടുവന്ന തീവ്രവംശീയ വാദിയായ യോഗീ ആദിത്യനാഥിൻ്റെ ആംശസ കേരളത്തിന് വേണ്ട എന്നും പ്രബുദ്ധകേരളം അത് പുച്ഛിച്ചു തള്ളുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി. കാസർകോട് ഡയലോഗ് സെൻ്റർ ഹാളിൽ നടന്ന വെൽഫെയർ പാർട്ടി നേതൃ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പ് വിജയത്തിനായി വിദ്വേഷ പ്രചാരകനായ അനിയൻ ബാവയെയും ചേട്ടൻ ബാവയും കൂട്ടുപിടിക്കുകയാണ് പിണറായി സർക്കാർ. യോഗിയുടെ മംഗള പത്രം വേദിയിൽ വായിച്ച മന്ത്രിയും വെള്ളാപ്പള്ളിയെ ഔദ്യോഗിക വാഹനത്തിൽ കയറ്റി കൊണ്ടുവന്ന മുഖ്യമന്ത്രിയും മുസ്ലിം കൃസ്ത്യൻ വിദ്വേഷ പ്രചാരകർക്ക് ഔദ്യോഗിക അംഗീകാരം നൽകുകയാണ് ചെയ്തിരിക്കുന്നത്.
അപര പ്രിയത്തിൻ്റെയും സാഹോദര്യത്തിൻ്റെയും പ്രചാരകനായ ശ്രീനാരായണ ഗുരുവിൻ്റെ പേരിൽ രൂപീകൃതമായ പ്രസ്ഥാനത്തിൻ്റെ അമരത്തിരിക്കാൻ വിദ്വേഷ പ്രചാരകനായി മാറിയ വെള്ളാപള്ളി നടേഷന് യോഗ്യതയില്ല, അദ്ദേഹത്തെ തൽസ്ഥാനത്തു നിന്ന് നീക്കാൻ എസ്.എൻ.ഡി.പി യൂണിയനിലെ ശ്രീനാരയണീയ ആശയക്കാർ രംഗത്തു വരണമെന്നും അദ്ദേഹം പറഞ്ഞു.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇത്തരം വിദ്വേഷ പ്രചരണങ്ങളിലൂടെയാണ് സംഘപരിവാർ അധികാരത്തിലെത്തിയത് – ശേഷം അവർ നടത്തി കൊണ്ടിരിക്കുന്ന മുസ്ലിം, കൃസ്ത്യൻ, ദലിത് വംശഹത്യകൾ രാജ്യം കണ്ട് കൊണ്ടിരിക്കുകയാണ് . ഈ ദുർഗതിയിലേക്ക് കേരളത്തെ കൊണ്ടു പോകാനുള്ള നീക്കമാണ് അമിത് ഷായുടെ നേതൃത്വത്തിൽ കേരളത്തിൽ ബി.ജെ.പി നേതൃത്വം നടത്തികൊണ്ടിരിക്കുന്നത്. ഇത് തിരിച്ചറിയാൻ സി പി എമ്മിന് ഇനിയെങ്കിലും ബുദ്ധി ഉദിക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻ്റ് ടി.കെ അഷ്റഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി മിർസാദ് റഹ്മാൻ മുഖ്യ പ്രഭാഷണം നടത്തി. മഹ്മൂദ് പള്ളിപ്പുഴ, അബ്ദുൽ ലത്തീഫ് കുമ്പള, മുഹമ്മദ് വടക്കേക്കര, സഹീറ ലത്തീഫ്, എ.ജി ജുബൈരിയ, സി.എച്ച് മുത്തലിബ്, അമ്പുഞ്ഞി തലക്ലായി എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സി.എ യൂസുഫ് സ്വാഗതവും നഹാർ കടവത്ത് നന്ദിയും പറഞ്ഞു.