ഉപ്പള:ഭൂമി തരം മാറ്റത്തിനായി ജില്ലയിൽ പതിനായിരത്തോളം അപേക്ഷകർ വിവിധ റവന്യൂ ഡിവിഷൻ ഓഫീസുകളിൽ കെട്ടിക്കിടക്കുമ്പോൾ മഞ്ചേശ്വരം താലൂക്കിൽ മാത്രം ആയിരത്തിലേറെ അപേക്ഷകളാണ് പരിഹാരമാവാതെ കിടക്കുന്നത്. ഇതിലേറെയും കോയിപ്പാടി,മംഗൽപാടി ഗ്രൂപ്പ് വില്ലേജുകളിലെ അപേക്ഷകളാണ്. ഇതിൽ തന്നെ രണ്ടും മൂന്നും വർഷങ്ങൾ പഴക്കമുള്ള അപേക്ഷകളുമുണ്ട്.
സസ്ഥാനത്തെ രണ്ടാം പിണറായി സർക്കാരിന്റെ നാലുവർഷം കൊണ്ട് വിവിധ പേരുകളിലായി മൂന്നോളം പരാതി പരിഹാര അദാലത്തുകൾ സംഘടിപ്പിച്ചിട്ടും ഭൂമി സംബന്ധമായ ഫയലുകളൊന്നും നീങ്ങിയില്ല.ഇപ്പോഴും ഫയൽ തീർപ്പാക്കൽ അദാലത്തുകൾ നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു.ഇതിന് പുറമെയാണ് നേരത്തെ ജില്ലാ കലക്ടർ വില്ലേജ് ഓഫീസുകൾ സന്ദർശിച്ച് പരാതികൾ തീർപ്പാക്കാനും, പോരായ്മകൾ പരിഹരിക്കാനും ശ്രമം നടത്തിയത്. ഇവിടെയും ഭൂമി സംബന്ധമായ ഫയലുകൾക്ക് പരിഹാരം കാണാനും സാധിച്ചില്ല.ഓരോ വില്ലേജ് ഓഫീസുകളിലുമുള്ള ജീവനക്കാരുടെ ഒഴിവ് നികത്താൻ സാമ്പത്തിക പ്രതിസന്ധിക്കിടയിൽ സർക്കാറിന് ഈ വിഷയത്തിൽ താല്പര്യക്കുറവുമുണ്ടായി. ഉള്ള ജീവനക്കാരെ വെച്ച് ഇത്രയും അധികം ഫയലുകളിൽ തീർപ്പുണ്ടാക്കാൻ ഉദ്യോഗസ്ഥർക്കും കഴിഞ്ഞതുമില്ല. ജില്ലയിലെ എല്ലാ റവന്യൂ ഓഫീസുകളിലും അധിക ജോലിഭാരം കൊണ്ട് വീർപ്പുമുട്ടുകയാണ് നിലവിലുള്ള ജീവനക്കാർ. ഇതിനിടയിൽ ജോലിഭാരം കൊണ്ട് പലരും സ്ഥലം മാറ്റത്തിന് അപേക്ഷ നൽകി കാത്തിരിക്കുന്നുമുണ്ട്. ഇതിനിടയിലാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ജോലികൾക്ക് വേണ്ടിയും ഉള്ള ജീവനക്കാരെ കലക്ടറേറ്റിലേക്ക് പറഞ്ഞയക്കുന്നുമുണ്ട്.

ഭൂമി തരംമാറ്റ അപേക്ഷകൾ നാൾക്കുനാൾ ഓഫീസുകളിൽ കുന്നു കൂടുകയാണ്. “ഓരോ ഫയലും ഒരു ജീവിതമാണെന്ന്” സർക്കാർ പറയുന്നുണ്ടെങ്കിലും അതിന് പരിഹാരം കാണാനും, വേഗത്തിലാക്കാനും ആത്മാർത്ഥമായ നടപടികൾ സർക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല.
കടംകൊണ്ട് പൊറുതിമുട്ടുന്ന പാവപ്പെട്ടവർ വീടും, പറമ്പും വിൽക്കാനും, മക്കളുടെ പഠനത്തിനും, വിവാഹത്തിനും വായ്പയെടുക്കാനും, ബാങ്ക് ലോണിന്റെ പേരിൽ ജപ്തി നടപടികളിൽ നിന്ന് ഒഴിവായി കിട്ടാനും വേണ്ടിയാണ് ഭൂ ഉടമകൾ പലരും തങ്ങളുടെ ഭൂമി തരംമാറ്റത്തിന് അപേക്ഷ നൽകുന്നത്.ഈ അപേക്ഷകളിലാണ് വലിയ കാലതാമസം നേരിടുന്നത്. പോക്കുവരവ് നടപടികൾ പൂർത്തിയാകാത്ത ഭൂമിക്ക് റവന്യൂ അധികൃതർ നികുതി സ്വീകരിക്കുന്നുമില്ല.ഇത് അപേക്ഷകർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാണ് പരാതി.
അതിനിടെ ഭൂമി തരം മാറ്റൽ അതിവേഗ തീർപ്പാക്കൽ പദ്ധതി 2002ൽ സർക്കാർ ആവിഷ്കരിച്ചിരുന്നുവെങ്കിലും അതും ചുവപ്പുനാടയിൽ കുടുങ്ങി. ആയിരത്തോളം ജീവനക്കാരെ പുനർവിന്യസിപ്പിച്ച് എല്ലാ അപേക്ഷകളും തീർപ്പുണ്ടാക്കുകയായിരുന്നു സർക്കാർ ലക്ഷ്യമിട്ടത്.ഇതിന്റെ പദ്ധതി ചെലവ് 50 കോടി രൂപ ധനവകുപ്പ് അംഗീകരിക്കാത്തതാണ് പദ്ധതി പിന്നീട് നടക്കാതെ പോയത്. ക്ലർക്കുമാർ,ഡാറ്റ എൻട്രി ഓപ്പറേറ്റർമാർ,ഫീൽഡ് പരിശോധനയ്ക്ക് വാടക വാഹനങ്ങൾ,കൂടുതൽ സർവേയർമാർ എന്നിവയ്ക്കായിരുന്നു ധനവകുപ്പിൽ ശിപാർശ സമർപ്പിച്ചിരുന്നത്.