കാസർഗോഡ് :എൻഡോസൾഫാൻ വിഷമഴയിലൂടെ കാസർഗോഡ് ജില്ലയിലെ ആയിരകണക്കിന് കുടുംബങ്ങൾ അനുഭവിക്കുന്ന ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കുള്ള പരിഹാരമായാണ് ഉമ്മൻ ചാണ്ടി സർക്കാർ ജില്ലയിൽ ഒരു മെഡിക്കൽ കോളേജ് അനുവദിച്ചത് . വിശാലമായ സ്ഥല സൗകര്യങ്ങൾക്കൊപ്പം ആവശ്യമുള്ള ഗതാഗതത്തിനുള്ള നൂതന റോഡ് സൗകര്യവും ഈ പദ്ധതിയിലെ പ്രധാന ലക്ഷ്യമായിരുന്നു. പിന്നീട് കേരളത്തിൽ അധികാരത്തിൽ വന്ന പിണറായി ഗവണ്മെന്റ് മംഗലാപുരം നഗരത്തിലെ ആരോഗ്യ മേഖലയിലെ വ്യവസായികളുടെ കച്ചവട താൽപ്പര്യത്തിന് മുന്നിൽ അടിയറവ് പറഞ്ഞുകൊണ്ട് കാസർഗോഡ് ഗവണ്മെന്റ് മെഡിക്കൽ കോളേജിന്റെ പ്രവർത്തനത്തെ അട്ടിമറിച്ചുവെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവും കെപിസിസി ജനറൽ സെക്രട്ടറിയുമായ അഡ്വ : എം ലിജു ആരോപിച്ചു .
സംസ്ഥാനത്തെ ആരോഗ്യമേഖലയെ അവഗണിക്കുന്ന സംസ്ഥാന സർക്കാരിന്റെ അനാസ്ഥക്കെതിരെ കെപിസിസി ആഹ്വനപ്രകാരം ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉക്കിനടുക്ക ഗവണ്മെന്റ് മെഡിക്കൽ കോളേജിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .
കേരളത്തിലെ ആരോഗ്യ രംഗം തീർത്തും കുത്തഴിഞ്ഞ അവസ്ഥയിലായിരിക്കുകയാണ് .സോഷ്യൽ മീഡിയകളിൽ ആരോഗ്യ മന്ത്രി പി ആർ വർക്കിന്റെ സഹായത്തോടെ നടത്തുന്ന കള്ളപ്രചരണങ്ങൾ മാത്രമാണ് ആരോഗ്യമേഖലയിൽ നടക്കുന്നത് .തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടറുടെ വെളിപ്പെടുത്തലിൽ ആരോഗ്യ രംഗത്ത് കേരളം നമ്പർ വൺ എന്ന ഇടതുപക്ഷത്തിന്റെ കള്ളപ്രചരണങ്ങൾ ജനങ്ങൾ തിരിച്ചറിഞ്ഞെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ഡി സി സി പ്രസിഡന്റ് പി കെ ഫൈസൽ അധ്യക്ഷത വഹിച്ചു. ഹക്കീം കുന്നിൽ, കെ. നീലകണ്ഠൻ, എം കുഞ്ഞമ്പു നമ്പ്യാർ, എ ഗോവിന്ദൻ നായർ, സി വി ജെയിംസ്, എം അസിനാർ, കെ ഖാലിദ്, എം രാജീവൻ നമ്പ്യാർ, സോമശേഖര ഷേണി സംസാരിച്ചു.
