കാസറഗോഡ് : അസമിൽ മുസ്ലിം വീടുകൾ തിരഞ്ഞെടുത്തു തകർക്കുന്ന സംഘപരിവാർ ഭരണകൂടത്തിൻ്റെ മുസ്ലിം വിരുദ്ധ വംശഹത്യയ്ക്കെതിരെ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ജില്ലാ കമ്മിറ്റി കാസർഗോഡ് ടൗണിൽ പ്രകടനം നടത്തി. ബി.ജെ.പിയുടെ ബുൾഡോസർ രാജിനെതിരെയും ആർ.എസ്.എസിന്റെ വംശീയ ഉന്മൂലനത്തിനെതിരെയും ജനങ്ങൾ തെരുവിലിറങ്ങണമെന്ന് പ്രകടനത്തിൽ മുദ്രാവാക്യം ഉയർത്തി.
സംഘപരിവാർ രാജ്യത്ത് നടപ്പിലാക്കി കൊണ്ടിരിക്കുന്ന മുസ്ലിം വിരുദ്ധ വംശഹത്യാ പദ്ധതിയിൽ സി.എ.എ, എൻ.ആർ.സി എന്നിവയുടെ തുടർച്ചയിൽ അസാമിൽ ആയിരക്കണക്കിന് മുസ്ലിം വീടുകളാണ് ബുൾഡോസ് ചെയ്തുകൊണ്ടിരിക്കുന്നത്. പതിനായിരക്കണക്കിനാളുകൾ ഒരു സുപ്രഭാതത്തിൽ ഇതുവരെ അന്തിയുറങ്ങിയ വീടുകൾ തകർക്കപ്പെട്ട് തെരുവിലേക്ക് വലിച്ചെറിയപ്പെട്ടിരിക്കുന്നു. ഇതിനെതിരെ വലിയ പ്രക്ഷോഭങ്ങൾ ഉയർന്നുവരണമെന്നും പ്രകടനക്കാർ ആവശ്യപ്പെട്ടു. സോളിഡാരിറ്റി ജില്ലാ പ്രസിഡൻ്റ് അബ്ദുൽ ജബ്ബാർ ആലങ്കോൾ ജില്ലാ സെക്രട്ടറിമാരായ ഇംതിയാസ് പെർള, സൽമാനുൽ ഫാരിസ് തുടങ്ങിയവർ സംബന്ധിച്ചു.
ജില്ലാ സമിതി അംഗം മുസഫർ കുമ്പള, റിയാസ് എൻ.എം, മിർഫാസ് തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.

