By എ. പി. വിനോദ്
നിലമ്പൂര്‍ : നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന നിലമ്പൂര്‍ ഉപ തിരഞ്ഞടുപ്പ് ഇരു മുന്നണികള്‍ക്കും നിര്‍ണായകമായിരുന്നു. ഇതിന്റെ വിധി നാളെ വരുമ്പോള്‍ പിണറായി സര്‍ക്കാരിനു ഒരു അഗ്നിപരീക്ഷ തന്നെയാണ്. ഇരു മുന്നണികളും ഇഞ്ചോടിഞ്ചു പോരാട്ടം നടത്തിയ മത്സരത്തിന്റെ വിധിക്ക് ഇനി മണിക്കൂറുകള്‍ മാത്രം .ഘടകകക്ഷികള്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചതാണ് യു ഡി എഫ് ഭാഗത്ത് കണ്ടത്. കോണ്‍ഗ്രസ് ആദ്യം മുതലേ പ്രചാരണ രംഗത്ത് സജീവമായിരുന്നു. സംസ്ഥാന തല നേതാക്കളാണ് ബൂത്ത് തലം മുതല്‍ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ചത്. സ്ഥാനാര്‍ഥിയെ തീരുമാനിക്കും മുന്‍പ് തന്നെ പ്രവര്‍ത്തനം സജീവമാക്കാന്‍ യു ഡി എഫിന് കഴിഞ്ഞിരുന്നു. എല്‍ ഡി എഫിന് മുന്‍പെങ്ങും ഇല്ലാത്ത പ്രതിസന്ധിയാണ് ഈ തിരഞ്ഞെടുപ്പില്‍ നേരിടേണ്ടി വന്നത് മണ്ഡലത്തില്‍ തന്നെ ഉള്ള സ്വരാജ് സ്ഥാനാര്‍ഥി ആണ് എങ്കിലും മുഖ്യമന്ത്രി അടക്കം ഒന്‍പതു മന്ത്രിമാര്‍ മണ്ഡലം കേന്ദ്രീകരിച്ചു പ്രവര്‍ത്തനം നടത്തി എങ്കിലും എല്‍ ഡി എഫിന് അവസാന ഘട്ടത്തില്‍ പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുകയാണ്.എല്‍ ഡി എഫിന്റെ കണക്കു കൂട്ടല്‍ പ്രകാരം രണ്ടായിരം വോട്ടുകള്‍ക്ക് വിജയിക്കും എന്ന് പറയുന്നുണ്ടെങ്കിലും അവര്‍ പ്രതീക്ഷ കൈവിട്ട മട്ടാണ്. വന്‍ ഭൂരിപക്ഷത്തിനു താന്‍ വിജയിക്കും എന്ന് പറഞ്ഞിരുന്ന പി വി അന്‍വര്‍ അവസാന ഘട്ടത്തില്‍ യു ഡി എഫ് വിജയിക്കും എന്നാണു പറഞ്ഞിരുന്നത്.യു ഡി എഫ് വിജയിച്ചാലും തനിക്കു ലഭിക്കുന്ന വോട്ട് എല്‍ ഡി എഫ് കേന്ദ്രങ്ങളില്‍ നിന്ന് ആവുമെന്നാണ് അന്‍വര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. അതുകൊണ്ട് തന്നെ പതിനായിരത്തിനും പതിനയ്യായിരത്തിനും ഇടയിലായിരിക്കും അന്‍വറിന് കിട്ടുന്ന വോട്ടുകള്‍ എന്നാണു സൂചന. ബി ജെ പി ക്ക് തിരഞ്ഞടുപ്പില്‍ കാര്യമായ സ്വാദീനം ഒന്നും ചെലുത്താന്‍ കഴിഞ്ഞിരുന്നില്ല. ന്യുന പക്ഷ സമുദായത്തില്‍പ്പെട്ട മോഹന്‍ ജോര്‍ജിനെ സ്ഥാനാര്‍ഥി ആക്കി എങ്കിലും പ്രചാരണ രംഗത്ത് എന്‍ ഡി എ സജീവമായിരുന്നില്ല. ആദ്യ ഘട്ടത്തില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തണമോ എന്നാ സംശയം തന്നെ ഉണ്ടായിരുന്നു. അയ്യായിരത്തോളം വോട്ടുകള്‍ മാത്രമാണ് മണ്ഡലത്തില്‍ ബി ജെ പി ക്ക് ഉള്ളത്. തിരഞ്ഞെടുപ്പിന് ശേഷം നടന്ന എക്സിറ്റ് പോളുകള്‍ മിക്കതും യു ഡി എഫിന്റെ വിജയമാണ് പ്രവചിച്ചത്.. ത്രിക്കാക്കരയിലും ,ചെലക്കരയിലും പാലക്കാടും ഉപതിരഞ്ഞെടുപ്പുകള്‍ നടന്നപ്പോള്‍ കാണാത്ത ആവേശമായിരുന്നു നിലമ്പൂരില്‍ കണ്ടത്.എല്‍ ഡി എഫ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് തന്നെ രംഗത്ത് എത്തി എങ്കിലും അവസാനം എം വി ഗോവിന്ദന്റെ ജനസംഘവുമായുള്ള ബാന്ധവത്തെക്കുറിച്ചുള്ള അഭിമുഖം ന്യുന പക്ഷ വോട്ടുകളില്‍ വിള്ളല്‍ ഉണ്ടാക്കി എന്നാണു സൂചന. ആര്യാടന് ഷൌക്കത്തും മുസ്ലീം ലീഗും ഭിന്നത ഉണ്ടായി എന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കുന്നതാണ് ലീഗിന്റെ സമുന്നതനായ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി തിരഞ്ഞടുപ്പ് രംഗത്ത് സജീവമായത്. തിരഞ്ഞടുപ്പ് പ്രഖ്യാപനം മുതല്‍ കഴിയുന്നത് വരെ കുഞ്ഞാലിക്കുട്ടി സജീവമായിരുന്നു. ലീഗിന്റെ ഒട്ടു മിക്ക നേതാക്കളും സജീവമായി കളത്തില്‍ ഇറങ്ങിയിരുന്നു. പി വി അന്‍വര്‍ ആദ്യം മത്സരിച്ചപ്പോള്‍ പന്ത്രണ്ടായിരത്തോളം വോട്ടുകള്‍ക്കാണ് ആര്യാടന് ഷൌക്കത്തിനെ തോല്‍പ്പിച്ചത്. എന്നാല്‍ ഡി സി സി പ്രസിഡണ്ട് വി വി പ്രകാശന് മത്സരിച്ചപ്പോള്‍ അന്വരിന്റെ ഭൂരിപക്ഷം രണ്ടായിരമായി കുറഞ്ഞിരുന്നു. പി വി അന്‍വറിന് മണ്ഡലത്തില്‍ ഉണ്ടായ സ്വാധീനം സി പി എമ്മിന് ഇല്ല. രാവിലെ ആദ്യം എണ്ണുക വഴിക്കടവ് പഞ്ചായത്തിലെ വോട്ടുകള്‍ ആണ്. കഴിഞ്ഞ പ്രാവശ്യം പി വി അന്വരിനു നേരിയ ഭൂരിപക്ഷം ഉണ്ടായിരുന്ന പഞ്ചായത്ത് ആണിത്. എന്നാല്‍ പഞ്ചായത്ത് ഭരിക്കുന്നത് യു ഡി എഫ് ആണ്. വഴിക്കടവ് പഞ്ചായത്തില്‍ നിന്നും കിട്ടുന്ന ഭൂരിപക്ഷം തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കും എന്ന് ഉറപ്പാണ്. കാത്തിരുന്നു കാണാം .
