കാസറഗോഡ്: ജില്ലയുടെ ആരോഗ്യ പിന്നോക്കാവസ്ഥയ്ക്ക് ശാശ്വത പരിഹാരം കണ്ടെത്താൽ അനുവദിച്ച ഉക്കിനടുക്ക സർക്കാർ മെഡിക്കൽ കോളേജ് പൂർണ്ണതോതിൽ സജ്ജമാവാതെ ദേശീയ മെഡിക്കൽ കമ്മീഷന്റെ അംഗീകാരം നേടിയെടുക്കാനുള്ള സർക്കാറിന്റെ തിരക്കിട്ട നീക്കം ജനങ്ങളോടുള്ള അവഹേളനയും വെല്ലുവിളിയുമാണെന്ന് കെപിസിസി സെക്രട്ടറി കെ. നീലകണ്ഠൻ അഭിപ്രായപ്പെട്ടു. കാസറഗോഡ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മെഡിക്കൽ കോളേജ് പ്രവർത്തിക്കാൻ ആവശ്യമായ വിദഗ്ധ ചികിത്സാ സംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളും പൂർത്തീകരിക്കാതെ ഡോക്ടർമാരെ മറ്റ് മെഡിക്കൽ കോളേജിൽ നിന്ന് താത്ക്കാലികമായി ഇങ്ങോട്ട് മാറ്റുകയും കാസറഗോഡ് ജനറൽ ആശുപത്രിക്ക് മുന്നിൽ മെഡിക്കൽ കോളേജ് ബോർഡ് സ്ഥാപിച്ചതും ജനങ്ങളെ കബളിപ്പിക്കാനാണ്. ദേശീയ മെഡിക്കൽ കമ്മീഷൻ ഓൺലൈനിൽ കൂടിയാണ് മെഡിക്കൽ കോളേജിന്റെ അംഗീകാരത്തിനുള്ള പരിശോധന നടത്തിയത്. ഇത് പുന:പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.രാജീവൻ നമ്പ്യാർ അദ്ധ്യക്ഷം വഹിച്ചു. നേതാക്കളായ ഹക്കിം കുന്നിൽ, അഡ്വ.എ ഗോവിന്ദൻ നായർ, എം.കുഞ്ഞമ്പു നമ്പ്യാർ, കെ.ഖാലിദ്, അർജ്ജുനൻ തായലങ്ങാടി, എം.പുരുഷോത്തമൻ നായർ, ബി.എ ഇസ്മായിൽ, കെ.ടി സുഭാഷ് നാരായണൻ, ഹനീഫ ചേരങ്കൈ, ഷാഹുൽ ഹമീദ്.എ, ഉസ്മാൻ അണങ്കൂർ, ഖാൻ പൈക്ക, ഉഷ.എസ്, കുസുമം ചേനക്കോട്, പി.കെ വിജയൻ, സി.ജി ടോണി, ഹരീന്ദ്രൻ ഇറക്കോടൻ, ധർമ്മധീര മധൂർ, പി.ബാലകൃഷ്ണൻ, വേലായുധൻ.യു, കെ.വി ജോഷി, ജയരാമൻ നെല്ലിക്കുന്ന് എന്നിവർ സംസാരിച്ചു. ആരോഗ്യ മേഖലയോടുള്ള സംസ്ഥാന സർക്കാരിന്റെ അവഗണനയ്ക്കും അനാസ്ഥയ്ക്കുമെതിരെ 8ന് കാസറഗോഡ് ജനറൽ ആശുപത്രിയ്ക്ക് മുന്നിൽ നടത്തുന്ന പ്രതിക്ഷേധ ധർണ്ണ വിജയിപ്പിക്കുവാനും തീരുമാനിച്ചു.
