കാസര്‍ഗോഡ് : വടക്കേ മലബാറില്‍ കര്‍ക്കിടക തെയ്യങ്ങളുടെ കാലമാണ്. കര്‍ക്കിടകം പിറന്നതോടെ വീടുകളില്‍ ദുര് മാരണങ്ങളെ അകറ്റി ഐശ്വര്യം കുടിയിരുത്താനാണ് കര്‍ക്കിടകതെയ്യങ്ങള്‍ എത്തുക. . ദുരിതങ്ങളുടെ മാസമായാണ് കര്‍ക്കിടകം അറിയപ്പെടുന്നത്.മാരി, കൂരി,തുടങ്ങിയ ദുഷ്ട ശക്തികളുടെ വിളയാട്ടത്തെ പ്രതിരോധിക്കുന്നതിനും ഐശ്വര്യം കുടിയിരുത്തുന്നതിനുമാണ് കര്‍ക്കിടക തെയ്യങ്ങള്‍ എത്തുന്നതെന്നുമാണ് വിശ്വാസം. കര്‍ക്കിടകം ഒന്നു മുതല്‍ സംക്രമം വരെയാണ് കര്‍ക്കിടക തെയ്യങ്ങള്‍ വീടുകള്‍ സന്ദര്‍ശിക്കുക. ആടി എന്ന പാര്‍വ്വതി വേഷം കെട്ടുന്നത് വണ്ണാന്‍ സമുദായത്തിലെ കുട്ടികളും വേടന് എന്ന ശിവവേഷം കെട്ടുന്നത് മലയന്‍ സമുദായത്തിലെ കുട്ടികളുമാണ്. വേടന് ആണ് ആദ്യം വരുന്നത്. മാസത്തിന്റെ പകുതി ആകുമ്പോഴേക്കും ആടിയും വരും.. കോലക്കാരുടെ വീടുകളില്‍ നിന്ന് കെട്ടിപ്പുറപ്പെടുന്ന ആടി വേടന്മാന്ക്ക് യാത്രാവേളയില്‍ അകമ്പടിയായി ചെണ്ട കൊട്ടാറില്ല. വീട്ടു പടിക്കല്‍ എത്തുമ്പോള്‍ മാത്രമേ ചെണ്ടകൊട്ടൂ. ഒറ്റ ചെണ്ട മാത്രമേ പതിവുളളൂ. ആടയാഭരണങ്ങളുമുണ്ടെങ്കിലും മറ്റു തെയ്യക്കോലങ്ങളെപ്പോലെ വര്‍ണാഭമായ ചമയങ്ങളില്ല എന്നതാണ് ഇതിന്റെ ഒരു പ്രത്യേകത.. അര്ജുനന് തപസിരുന്ന സ്ഥലത്തിന് സമീപത്ത് വളര്‍ന്ന ആല്‍മരം തണലേകിയതിന്റെ പ്രതീകമായി ഓലക്കുട ചൂടിയാണ് തെയ്യക്കോലം എത്തുന്നത്. എന്നാല്‍ കാലം മാറിയതോടെ ചിലയിടങ്ങളില്‍ ഓലക്കുട ശീലക്കുടയായിട്ടുണ്ട്.
വേടന്,കര്ക്കിടകോത്തി(ആടി) എന്നീ വേഷങ്ങളാണ് കര്‍ക്കിടക തെയ്യങ്ങള്‍ പ്രധാനമായും കെട്ടിയാടുന്നത്.മഹാ ഭാരതത്തിലെ കിരാതം എന്ന ഭാഗത്ത് നിന്നാണ് ഇതിന്റെ ഐതിഹ്യം. വേടരൂപത്തില്‍ അര്‍ജുനന്റെ മുന്നിലെത്തിയ ശിവനോട് പാര്ഥന് പരുഷമായി പെരുമാറുന്നു. വേടന് തിരിച്ചും പറയുന്നതോടെ അതൊരു സംഘട്ടനത്തില്‍ കലാശിക്കുന്നു. ഇതിനിടയില്‍ അര്‍ജുനന്റെ വില്ല് ഒടിയുന്നു.ഒടിഞ്ഞ വില്ലുകൊണ്ട് അര്ജുനന് വേടനെ അടിക്കുന്നു. ഈ സമയം യഥാര്‍ത്ഥ രൂപത്തില്‍ പ്രത്യക്ഷനാകുന്ന ശിവനോട് അര്ജുനന് മാപ്പിരക്കുന്നു.പ്രസന്നനായ ശിവന് അര്ജുനന് പാര്തിപാസ്ത്രം സമ്മാനിക്കുന്നു. ഈ വേടരൂപമാണ് കര്‍ക്കിടക തെയ്യമായി കെട്ടിയാടുന്നത്.കര്ക്കിടകോത്തി സ്ത്രീ രൂപമാണ്. ശ്രീപാര്‍വതിയുടെ വേടരൂപമാണത്രേ ഇത്.കര്‍ക്കിടക തെയ്യങ്ങളെ ആടി തെയ്യങ്ങള്‍ എന്നും പറയും.വീടുകളില്‍ നിന്നും വീടുകളിലേക്ക് ആധിയും വ്യാധിയും അകറ്റിക്കൊണ്ട് ഇവര്‍ സഞ്ചരിക്കുന്നു. അഞ്ചു മുതല്‍ പന്ത്രണ്ടു വയസ്സുവരെയുള്ള കുട്ടികളാണ് ആടിതെയ്യങ്ങള് കെട്ടുന്നത്. ഇവര്‍ വീടുകളില്‍ എത്തിയാല്‍ നിലവിളക്കിനു മുന്നില്‍ പാട്ട്പാടി ആടും.കര്‍ക്കിടകം പതിനഞ്ചിന് മുന്‍പ് പാടിത്തീര്‍ക്കണം എന്നാണ് വിശ്വാസം.ഭസ്മം കലക്കിയ വെള്ളം കൊണ്ട് വീട്ടിലുള്ളവരെ ഉഴിഞ്ഞു ദൂരെ കൊണ്ട് കളയുന്നു. അവിടന്ന് ദക്ഷിണ വാങ്ങി അടുത്ത വീട്ടിലേക്ക് യാത്രയാകുന്നു. കര്‍ക്കിടക മാസത്തില്‍ ഹിന്ദു ഭവനങ്ങളില്‍ കര്‍ക്കിടക തെയ്യങ്ങളെ സ്വീകരിക്കാന്‍ ഒരുങ്ങിയിരിക്കും. മലയ സമുദായഅംഗങ്ങളാണ് വേടരൂപം കെട്ടുക. കര്ക്കടകോത്തി വണ്ണാന്‍ സമുദായ അംഗങ്ങളാണ് കെട്ടുക.കര്‍ക്കിടകത്തിലെ ഏഴു,പതിനാറ്,ഇരുപത്തിഎട്ട് എന്നിങ്ങനെയാണ് വിശേഷ നാളുകള്‍.രാമായണ കഥയുമായി ബന്ധപ്പെട്ടാണ് കര്‍ക്കിടകത്തിലെ വിശേഷ നാളുകള്‍ ഉണ്ടായത്.ചമത കൊണ്ടുള്ള വടിയായിരിക്കും ആടി തെയ്യങ്ങളുടെ കയ്യില്‍ ഉണ്ടായിരിക്കുക. . കൊച്ചു കുട്ടികള്‍ തെയ്യം കെട്ടുമ്പോള്‍ മറ്റാരെങ്കിലും ഇവരെ അനുഗമിക്കും.എന്നാല്‍ തെയ്യം കെട്ടാന്‍ കുട്ടികളെ കിട്ടാത്തത് മൂലം കുട്ടിത്തെയ്യങ്ങളുടെ എണ്ണം കുറഞ്ഞുവരികയാണ്. സ്കൂള്‍ അവധിദിവസങ്ങളിലും മറ്റും മാത്രമായി ഇപ്പോള്‍ ഗൃഹസന്ദര്‍ശനം ചുരുങ്ങുന്നതായി ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. തുലാം പത്തിന് യഥാര്‍ത്ഥ തെയ്യക്കോലങ്ങള്‍ അരങ്ങിലെത്തുന്നതിന് മുമ്പുള്ള ഇടവേളകളിലെ തെയ്യംകലാകാരന്മാരുടെ വരുമാനമാര്‍ഗം കൂടിയാണ് ഇത്.
