By ഷാഫി തെരുവത്ത്
കാസര്‍ഗോഡ്: ചേരങ്കൈ തീരംകടലെടുക്കുന്നത് തടയാൻ മണൽ ചാക്കുകൾ പാകി. രണ്ട് വർഷം മുമ്പുണ്ടായ കടൽക്ഷോഭത്തിൽ തീരം കടലെടുത്തു നിരവധി വീടുകൾ തകർന്നിരുന്നു. കൂടാതെ തെങ്ങുകളും കടലെടുത്തിരുന്നു. കടൽ ഭിത്തികെട്ടണമെന്ന തീരദേശ വാസികളുടെയും രാഷ്ട്രിയ പാർട്ടികളുടെയും നാട്ടുകാരുടെയും നിരന്തരം ആവശ്യപ്രകാരം തീരത്ത് വലിയ കരിങ്കല്ലുകൾ പാകിയിരുന്നുവെങ്കിലും വലിയ കടൽ ക്ഷോഭത്തെ തുടർന്ന് തീരത്ത് മീറ്ററുകളോളം പാകിയ കരിങ്കല്ലുകൾ കടലെടുക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് വലിയ ചാക്കുകളിൽ മണൽ നിറച്ച് ഇവിടെ പാകിയത്. വലിയ കടൽക്ഷോഭംവന്നാൽ തീരത്ത് താമസിക്കുന്നവർ അപകട ഭീഷണിയിലാണ്. ലൈറ്റ് ഹൗസിന് മുൻവശത്തെ കടൽ തീരത്തും കരിങ്കല്ലുകൾ പാകിയിരുന്നുവെങ്കിലും അതും കടലെടുത്ത നിലയിലാണ്. ചേരങ്കൈയിൽ കടൽ കരയ്ക്ക് ചേർന്ന് റോഡ് സ്ഥിതി ചെയ്യുന്നു. കരിങ്കല്ലുകൾ തകർന്ന് കടൽ തിരമാല റോഡിലേക്കും അടിച്ച് റോഡും തകർന്നിരുന്നു. ഈ ഭാഗത്ത് കടൽ ഭിത്തികെട്ടണമെന്നാ നാട്ടുകാരുടെ ആവശ്യത്തിന് ദീർഘനാളത്തെ പഴക്കമുണ്ട്.
