
ബദിയടുക്കഃ ചെര്‍ക്കള – കല്ലടുക്ക റോഡിലെ കുഴി അടക്കല്‍ പ്രവൃത്തി ആരംഭിച്ചു. ഇന്ന് രാവിലെ എടനീരില്‍ നിന്നാണ് പ്രവൃത്തിക്ക് തുടക്കം കുറിച്ചത്. റോഡിലെ കുഴി അടക്കാത്തതില്‍ പ്രതിഷേധിച്ച് പള്ളത്തടുക്കയില്‍ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ റോഡിലെ കുഴിയിലെ നീന്തി കുളിച്ച് പ്രതിഷേധ സമരം നടത്തിയിരുന്നു. കൂടാതെ പ്രൈഡ് ബസ് തൊഴിലാളികള്‍ 29മുതല്‍ ബസ് സര്‍വ്വീസ് നിര്‍ത്തി വെച്ച് സമരത്തിനിറങ്ങുന്നു മുന്നറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് കിഫ്ബി അധികൃതര്‍ ഒന്നാം ഘട്ട പ്രവര്‍ത്തനത്തിന് ടെണ്ടര്‍ വിളിച്ച് നടപടികള്‍ പൂര്‍ത്തീകരിച്ച് എട്ട് ലക്ഷം രൂപ ചിലവില്‍ ഒന്നാം ഘട്ട പ്രവര്‍ത്തനമെന്ന നിലയില്‍ എടനീര്‍ മുതല്‍ ചര്‍ലടുക്ക വരേയുള്ള സ്ഥലത്തെ കുഴി അടക്കല്‍ പ്രവൃത്തിക്ക് തുടക്കം കുറിച്ചു. രണ്ടാം ഘട്ട പ്രവൃത്തിയുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് ഉടന്‍ പ്രവൃത്തി ആരംഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.