ഗുരുവായൂർ :കാർഷിക സമൃദ്ധിയുടെ ഐശ്വര്യപ്പെരുമയിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന ഇല്ലം നിറ ചടങ്ങ് ഭക്തർക്ക് ആനന്ദ സായുജ്യമായി.. കഴിഞ്ഞ വർഷത്തെ പോലെ ഇത്ത വണയും ക്ഷേത്രം കൊടിമരത്തിനടുത്ത്, വലിയ ബലിക്കല്ലിന് സമീപം കതിർ പൂജ നടന്നതിനാൽ ദർശന സായൂജ്യം നേടാൻ കൂടുതൽ ഭക്തർക്ക് അവസരമുണ്ടായി. കതിർ പൂജയ്ക്കൊപ്പം ഗുരുവായൂരപ്പനെ കാണാൻ കൂടി കഴിഞ്ഞതിൻ്റെ ആഹ്ളാദത്തിലായി ഭക്തർ. പൂജിച്ച കതിർകറ്റകൾ വേഗം ലഭിച്ച ആഹ്ളാദത്തിലായിരുന്നു ഭക്തരുടെ മടക്കം..
വ്യാഴാഴ്ച രാവിലെ 11 മുതൽ 1.40 മണിവരെയുള്ള ശുഭമുഹൂർത്തിലായിരുന്നു ഭക്തി സാന്ദ്രമായ ചടങ്ങ്. പാരമ്പര്യ അവകാശികളായ അഴീക്കൽ, മനയം കുടുംബക്കാരും ഭക്തജനങ്ങളും കതിർക്കറ്റകൾ കിഴക്കേ നടയിലെത്തിച്ച കതിർക്കറ്റകൾ രാവിലെ കിഴക്കേ ഗോപുരവാതിൽക്കൽ നാക്കിലയിൽ സമർപ്പിച്ചു. കീഴ്ശാന്തി നമ്പൂതിരിമാർ കതിരുകൾ തലയിലേറ്റി എഴുന്നള്ളിച്ച് ക്ഷേത്രം കൊടിമരത്തിന് സമീപം എത്തിച്ചു. ശുഭമുഹൂർത്തത്തിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി.ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ സാന്നിധ്യത്തിൽ മേൽശാന്തി ബ്രഹ്മശ്രീ: കവപ്ര മാറത്ത് അച്യുതൻ നമ്പൂതിരി
കതിർ പൂജ നിർവ്വഹിച്ചു.ലക്ഷ്മി പൂജക്ക് ശേഷം കതിർക്കറ്റകൾ ശ്രീഗുരുവായൂരപ്പന് സമർപ്പിച്ചു. കതിർകറ്റകൾ പിന്നീട് ഭക്തർക്ക് പ്രസാദമായി നൽകി.ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണസമിതി അംഗം സി.മനോജ്, ,ക്ഷേത്രം ഡി.എ പ്രമോദ് കളരിക്കൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായി
ഇല്ലം നിറയുടെ തുടർച്ചയായുള്ള തൃപ്പുത്തരി ആഘോഷം സെപ്റ്റംബർ 2 നാണ്. രാവിലെ 9.16 മുതൽ 9.56വരെയുള്ള മുഹൂർത്തത്തിലാണ് തൃപ്പുത്തരി. പുന്നെല്ലിൻ്റെ അരികൊണ്ടുള്ള പുത്തരി പായസവും അപ്പവും ശ്രീ ഗുരുവായൂരപ്പന് നേദിക്കും

.വിശേഷാൽ പുത്തരി പായസം ഏറെ പ്രധാനമാണ്.