കാസർഗോഡ്.ഈ പാതാളക്കുഴി ഒന്ന് മൂടിത്തരാൻ വല്ല വകുപ്പുമുണ്ടോ..? ചോദിക്കുന്നത് കെഎസ്ആർടിസി ജീവനക്കാരും, ഇരുചക്രവാഹനക്കാരും.
കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപം വർക്ക് ഷോപ്പ് സ്ഥിതി ചെയ്യുന്ന ഭാഗത്ത് കെ പി ആർ റാവു റോഡിലാണ് വലിയ കുഴി രൂപപ്പെട്ട് ഗർത്തമായി മാറിയിരിക്കുന്നത്. കുഴിയിൽ നിറയെ ചളി വെള്ളവും കെട്ടിക്കിടക്കുന്നുണ്ട്. ഇതുവഴി രാത്രികാലങ്ങളിൽ പോകുന്ന ഇരുചക്രവാഹനക്കാരും,ഓട്ടോറിക്ഷകളും അപകടത്തിൽ പെടുന്നതായും പരാതിയുണ്ട്.
ഡിപ്പോയിൽ നിന്ന് നിരവധി കെഎസ്ആർടിസി ബസുകളും പഴയ ബസ്റ്റാൻഡ് വഴി പുതിയ ബസ് സ്റ്റാൻഡിലേക്ക് പോകുന്നത് ഈ കുഴി മറികടന്നാണ്.കുഴി വലിയതോതിൽ ഗർത്തമായി മാറിയതോടെ കെഎസ്ആർടിസി ബസ്സുകളും ഇതുവഴി പോകുന്നത് ഇപ്പോൾ നിർത്തിയിട്ടുണ്ട്. പലപ്പോഴും ടൗണിൽ ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് കെഎസ്ആർടിസി ബസുകൾ ഇതുവഴി തിരിച്ചുവിടാറുള്ളത്. വാഹനങ്ങൾ പോകുമ്പോൾ ചളിവെള്ളം കെട്ടിക്കിടക്കുന്നതിനാൽ കെഎസ്ആർടിസി ഡിപ്പോയിലേക്ക് നടന്നുവരുന്ന യാത്രക്കാരുടെ മേലിലും പതിക്കുന്നതായി പരാതിയുണ്ട്.സമീപത്ത് വ്യാപാരസ്ഥാപനങ്ങൾക്കുംപ്രയാസമുണ്ടാക്കുന്നു.കുഴി മൂടാൻ അടിയന്തിര നടപടിഉണ്ടാകണമെന്നാണ് കെഎസ്ആർടിസി ജീവനക്കാരുടെയും, യാത്രക്കാരുടെയും, വ്യാപാരികളുടെയും ആവശ്യം.
