By ഷാഫി തെരുവത്ത്
കാസര്ഗോഡ്: സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിയിൽ അണി ചേരാൻ പരീക്ഷ എഴുതി എട്ടാം തരക്കാർ. ജില്ലയിലെ 45 സ്കൂളുകളിലായി മൂവായിരത്തോളം വിദ്യാർത്ഥികളാണ് ഇന്ന് പരീക്ഷയെഴുതിയത്. നൂറിൽ കൂടുതൽ അപേക്ഷകരുള്ള വിദ്യാലയങ്ങളിൽ നേരത്തെ പ്രലിമിനറി പരീക്ഷ നടത്തി നൂറ് പേരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. പ്രസ്തുത വിദ്യാർത്ഥികൾക്കുള്ള മുഖ്യപരീക്ഷയാണ് ഇന്ന് നടന്നത്.എസ് പി സി യിലുള്ള കേഡറ്റുകൾക്ക് ഗ്രേസ് മാർക്കിന് പുറമെ മത്സര പരീക്ഷകളിൽ വെയിറ്റേജ് മാർക്ക് നൽകുവാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. വിദ്യാർത്ഥികളിൽ പഠനത്തോടൊപ്പം അച്ചടക്കം, ഉത്തരവാദിത്തബോധം, സഹജീവി സ്നേഹം, പ്രകൃതി സ്നേഹം, നിയമാവബോധം തുടങ്ങിയ മൂല്യങ്ങൾ വളർത്തിയെടുക്കുന്നതോടൊപ്പം നാളത്തെ സമൂഹത്തെ നയിക്കുന്ന ചെയ്ഞ്ച് ലീഡേഴ്സായി വിദ്യാർത്ഥികളെ പരിശീലിപ്പിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പ്രോജക്ട് പ്രവർത്തിക്കുന്നത്. കാസറഗോഡ് ജില്ലാ പോലീസ് മേധാവി ബി.വി വിജയഭാരത് റെഡ്ഡി ടി. ഐ എച്ച് എസ് എസ് നായന്മാർമൂല സ്കൂളിലെത്തി പരീക്ഷാ നടത്തിപ്പ് പരിശോധിക്കുകയും വിദ്യാർത്ഥികളുമായി സംവദിക്കുകയും ചെയ്തു. വിദ്യാനഗർ പോലീസ് ഇൻസ്പെക്ടർ യു.ആർ.വിപിൻ, എസ് പി.സി ജില്ലാ അസിസ്റ്റൻ്റ് നോഡൽ ഓഫീസർ ടി തമ്പാൻ, ഹെഡ്മാസ്റ്റർ , സിവിൽ പോലീസ് ഓഫീസർ പ്രശാന്ത്, സി.പി ഒ മാരായ ഇല്യാസ് മാസ്റ്റർ, സിന്ധു ടീച്ചർ, പ്രോജക്ട അസിസ്റ്റൻ്റ് ശ്യാം കൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു. ജില്ലാ അഡീഷണൽ എസ് പി യും എസ് പി സി ജില്ലാ നോഡൽ ഓഫീസറുമായ സി.എം ദേവദാസൻ ജി എച്ച് എസ് എസ് കാസറഗോഡും, കാസറഗോഡ് ഡി.വൈ എസ് പി സുനിൽകുമാർ സി.കെ പെർഡാല നവജീവന ഹയർ സെക്കണ്ടറി സ്കൂളുകളിലും ‘സന്ദർശിച്ച് പരീക്ഷയുടെ സുതാര്യത ഉറപ്പ് വരുത്തുകയും വിദ്യാർത്ഥികളുമായി സംവദിക്കുകയും ചെയ്തു.

