
കണ്ണൂർ :കുടുംബശ്രീ സി ഡി എസുകളിലെ മികച്ച സേവനങ്ങളെ അടിസ്ഥാനമാക്കി ജില്ലയിൽ 55 സിഡിഎസുകൾക്ക് ഐ എസ് ഒ സർട്ടിഫിക്കേഷന് ലഭിച്ചു.
ഐ എസ് ഒ നിലവാരത്തിലേക്ക് എത്തിയതിന്റെ ജില്ലാ തല പ്രഖ്യാപനം കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ കെ രത്നകുമാരി നിർവഹിച്ചു.
സ്ത്രീ ശാക്തീകരണത്തിലൂടെ ദാരിദ്ര്യ നിർമാർജനം എന്ന ലക്ഷ്യം കൈവരിക്കുന്നതിന് കേരള സർക്കാർ രൂപ കല്പന ചെയ്ത ബൈലോ പ്രകാരമുള്ള എല്ലാ സേവന പ്രവർത്തനങ്ങളും കാര്യക്ഷമമായ് നടപ്പിലാക്കിയതിനാണ് ഐ എസ് ഒ നേട്ടം.
സി ഡി എസുകളെ ഐ എസ് ഒ നിലവാരത്തിലേയ്ക്ക് ഉയർത്തുന്നതിൻ്റെ ഭാഗമായി സി.ഡി.എസ്സുകളിൽ ക്വാളിറ്റി മാനേജ്മെൻറ് സിസ്റ്റം (QMS) നടപ്പിലാക്കി. ഗുണ നിലവാരമുള്ള ഓഫീസ് സംവിധാനം, പശ്ചാത്തല സൗകര്യങ്ങളുടെ നിലവാരം, സ്ത്രീ, ഭിന്നശേഷി,വയോജന സൗഹൃദ സേവന സംവിധാനം, ഇ ഓഫീസ് സംവിധാനം, കൗൺസിലിംഗ് സേവനം, ഹെല്പ് ഡസ്ക് സംവിധാനം എന്നിങ്ങവ ഗുണമേന്മ നിർവചിക്കുന്നതിനുള്ള ഘടകങ്ങളായിരുന്നു. കുടുംബശ്രീയുമായി ബന്ധപ്പെട്ട ഏതു വിവരവും വേഗത്തിൽ ലഭ്യമാക്കാൻ കഴിയും വിധമാണ് സി ഡി എസ് ഓഫീസുകളുടെ സജ്ജീകരണം. ഇതിനായി ഫ്രണ്ട് ഓഫീസ്, ഹെൽപ്പ് ഡെസ്ക് സൗകര്യങ്ങൾ, രേഖകളുടെ പരിപാലനം, സി ഡി എസ് അംഗങ്ങളുടെ പങ്കാളിത്തത്തോടെയുള്ള ഗുണമേന്മ നയ രൂപീകരണം എന്നിവ കാര്യക്ഷമമായി നടക്കുന്നു. അക്കൗണ്ടിങ്ങ് സിസ്റ്റം കാര്യക്ഷമമാക്കുന്നതിന് വർഷത്തിൽ രണ്ട് തവണ ഇന്റേണൽ ഓഡിറ്റും നടത്തുന്നു.
കുടുംബശ്രീ അംഗങ്ങളെ സ്വയം പര്യാപ്തരാക്കുക, യുവതി യുവാക്കൾക്ക് തൊഴിൽ പരിശീലനം നൽകുക തുടങ്ങി കുടുംബശ്രീ പ്രവർത്തനങ്ങൾക്ക് വേണ്ട എല്ലാ എല്ലാ പ്രോത്സാഹനവും സിഡിഎസുകൾ നടപ്പിലാക്കുന്നു. കൂടാതെ കുടുംബശ്രീ ജില്ലാ മിഷന്റെയും തദ്ദേശ സ്വയം ഭരണ വകുപ്പിന്റെയും പിന്തുണയോടെ വിവിധ പദ്ധതികൾ കാര്യക്ഷമതയോടെ നടത്തുവാനും കുടുംബശ്രീ സി ഡി എസ്കൾ നടത്തുന്ന പരിശ്രമവും ഈ നേട്ടത്തിന്റെ തിളക്കം കൂട്ടുന്നു.
ഐ എസ് ഒ സർട്ടിഫിക്കറ്റ് വിതരണത്തോടൊപ്പം കുടുംബശ്രീ കണ്ണൂർ മുഖ മാസിക ആയ നിശാ
ഗന്ധിയുടെ മൂന്നാമത്തെ പതിപ്പിന്റെ പ്രകാശനവും നടന്നു.
പരിപാടിയിൽ കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷൻ കോർഡിനേറ്റർ എം വി ജയൻ, അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ പി ഒ ദീപ, കെ വിജിത്, ആന്തൂർ നഗരസഭ ചെയർമാൻ പി മുകുന്ദൻ, ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റ് എം ശ്രീധരൻ, കണ്ണൂർ കോർപറേഷൻ കൗൺസിലർ പി കെ അൻവർ, കണ്ണൂർ കോർപ്പറേഷൻ സി ഡി എസ് ചെയർപേഴ്സൺ വി ജ്യോതിലക്ഷ്മി, നിശാഗന്ധി ചീഫ് എഡിറ്റർ എം എം അനിത, ഐ എസ് ഒ മാനേജർ എം പി പ്രീതി, ഡി പി എം ജിബിൻ സ്കറിയ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.