കാസര്‍ഗോഡ്: 30 വർഷങ്ങളായി ആവശ്യപ്പെടുന്ന ഒരു പ്രശ്നത്തിനും കൃത്യമായ പരിഹാരം കാണാൻ സാധിക്കാതെ ഓരോ ആവശ്യങ്ങൾക്കും നേരെ മുഖം തിരിച്ച് പൊതു യാത്രക്കാരെയും സീസൺ ടിക്കറ്റ് യാത്രക്കാരെയും വിദ്യാർത്ഥി യാത്രക്കാരെയും പാടെ അവഗണിച്ചു കൊണ്ടുള്ള സതേൺ റെയിൽവേയുടെ പാലക്കാട് ഡിവിഷന്റെ അന്യായമായ അവഗണനക്കെതിരെ കാസർഗോഡ് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രതിഷേധ സമരം നടത്തി.
വൈകുന്നേരവും ഫാസ്റ്റ് പാസഞ്ചർ ട്രെയിനിന് പുറമേ മെമു ട്രെയിൻ അനുവദിച്ച് തിങ്ങിനിറഞ്ഞ ട്രെയിൻ യാത്രക്കാരുടെ വീർപ്പുമുട്ടലിന് പരിഹാരം കാണുക, കോഴിക്കോട് പോയ യാത്രക്കാർക്ക് വൈകുന്നേരം 5.10ന് ശേഷം അടുത്ത എട്ടു മണിക്കൂർ ട്രെയിൻ കിട്ടാത്ത അവസ്ഥ പരിഹരിക്കുക, പരശുരാം എക്സ്പ്രസ് കോഴിക്കോട് ഒരു മണിക്കൂർ വെറുതെ നിർത്തിയിടുന്നത് അവസാനിപ്പിക്കുക, പാലക്കാട് കണ്ണൂർ സ്പെഷ്യൽ ട്രെയിൻ മഞ്ചേശ്വരം വരെ നീട്ടുക, മംഗലാപുരം കോഴിക്കോട് റൂട്ടിൽ ജനശതാബ്ദി വണ്ടി ഓടിക്കുക, കണ്ണൂരിലെ യാത്ര അവസാനിക്കുന്ന ഒൻപത് ട്രെയിനുകളിൽ രണ്ട് ട്രെയിനുകൾ കാസർകോട്ടേക്കും മഞ്ചേശ്വരത്തേക്കും നീട്ടി യാത്രക്കാർക്ക് സൗകര്യം ഒരുക്കുക, കാസർകോടും മഞ്ചേശ്വരത്തും രാത്രി ഹോൾട്ടിങ് ട്രെയിനുകൾ അനുവദിക്കുകയും സ്റ്റേഷനുകളിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുക, കോട്ടിക്കുളം, കുമ്പള, ഉപ്പള, മഞ്ചേശ്വരം സ്റ്റേഷനുകളിൽ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുക, സ്ഥലപരിമിതിയുടെ പ്രശ്നം അറിഞ്ഞിട്ട് കൊല്ലം-തിരുവനന്തപുരം റൂട്ടിൽ ഒരു നയവും, കാസര്‍ഗോഡ് -കണ്ണൂർ റൂട്ടിൽ മറ്റൊരു നയവും സീസൺ ടിക്കറ്റുകാരായ യാത്രക്കാരോട് കാണിച്ചുകൊണ്ട് നിരന്തരം ബുദ്ധിമുട്ടിക്കുന്ന അനീതി അവസാനിപ്പിച്ച് കൊണ്ട് സ്ലീപ്പർ കോച്ചുകളിൽ യാത്ര അനുവദിക്കുക, തുടങ്ങിയ ഒട്ടേറെ അവഗണന വിഷയങ്ങൾ ഉയർത്തിക്കാട്ടിയാണ് കാസർകോട് റെയിൽവേ പാസഞ്ചർസ് അസോസിയേഷൻ കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചത് അസോസിയേഷൻ പ്രസിഡണ്ട് ആർ പ്രശാന്ത് കുമാർ, ജനറൽ സെക്രട്ടറി നാസർ ചെർക്കളം, കോഡിനേറ്റർ നിസാർ പെർവാട്, വെൽഫെയർ പാർട്ടി വനിതാ വിംഗ് പ്രസിഡണ്ട് സാഹിദ ഇല്യാസ്, ട്രഷറർ എം എം മുനീർ, വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് ടി ഇ അൻവർ എന്നിവർ സംസാരിച്ചു. ഷെഫീഖ് തെരുവത്ത് സ്വാഗതവും സത്താർ ബൈക്ക് നന്ദിയും പറഞ്ഞു.
