By ഷാഫി തെരുവത്ത്
ഉദുമ :കാഞ്ഞങ്ങാട് -കാസർഗോഡ് പാതയിൽ ഉച്ചയ്ക്ക് 3 45 ഓടുകൂടി മാവുങ്കലിലുള്ള ആദാനി ഗ്രൂപ്പിൻറെ സിഎൻജി പ്ലാന്റിൽ നിന്നും സിഎൻജി ഗ്യാസ് നിറച്ച് കാസർഗോഡേക്ക് വരികയായിരുന്ന വാഹനത്തിൽ നിന്നും ഗ്യാസിന്റെ പ്രഷർ മൂലം ഫില്ലിംഗ് പൈപ്പിന്റെ വാഷർ പുറത്തേക്ക് തള്ളി 2 സിലിണ്ടർ ലീക്കാവുകയായിരുന്നു.വാഹനത്തിൽ 40 ഓളം സിലിണ്ടറുകൾ ഉണ്ടായിരുന്നു.ഓരോന്നിലും 10 കിലോഗ്രാം വീതം ഗ്യാസ് ഉണ്ടായിരുന്നു.തൃക്കണ്ണാട് എൽ പി സ്കൂളിനും സീ പാർക്കിനും ഇടയിൽ വെച്ച് ശക്തമായ ചോർച്ചയുടെ ശബ്ദംഡ്രൈവർ ഗംഗാധരന്റെ ശ്രദ്ധയിൽ പെടുകയും റോഡിൻറെ അരികിലായി വാഹനം സുരക്ഷിതമായി പാർക്ക് ചെയ്യുകയും ചെയ്തു.അപ്പോഴേക്കും ഗ്യാസ് ലീക്ക് ക്രമാതീതമായി വർദ്ധിക്കുകയും അന്തരീക്ഷത്തിൽ പുക പോലെ വ്യാപിക്കുകയും ചെയ്തു.ഇത് ശ്രദ്ധയിൽപ്പെട്ട വാർഡ് മെമ്പർ ഷൈനി കാസർഗോഡ് അഗ്നി രക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു.സ്റ്റേഷൻ ഓഫീസർ കെ ഹർഷയുടെയും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ വിഎൻ വേണുഗോപാൽ, വി എം സതീശൻ എന്നിവരുടെയും നേതൃത്വത്തിൽ 2 യൂണിറ്റ് വാഹനം സംഭവസ്ഥലത്തേക്ക് എത്തുകയായിരുന്നു.അപ്പോഴേക്കും ബേക്കൽ പോലീസ് സംഭവ സ്ഥലത്ത് എത്തിയിരുന്നു.ഈ സമയത്ത് വാഹനത്തിലെ ലീക്ക് ഉണ്ടായിരുന്ന രണ്ട് ഗ്യാസ് ബുള്ളറ്റുകൾ പൂർണ്ണമായും തീർന്നിരുന്നു.അതിനാൽ അപകടാവസ്ഥ ഒഴിവായി.ഉടൻ വാഹനം ബേക്കൽ പോലീസ് സ്റ്റേഷനിലേ കോമ്പൗണ്ടിലേക്ക് മാറ്റി.അഗ്നിരക്ഷാസേന വാഹനം പരിശോധിച്ചു അപകടാവസ്ഥയില്ല എന്ന് ഉറപ്പുവരുത്തി.ബേക്കൽ പോലീസ് അറിയിച്ചതിനനുസരിച്ച് അദാനി കമ്പനി സൂപ്പർവൈസർ സ്ഥലത്ത് എത്തി വാഹനം കാസർഗോഡേക്ക് കൊണ്ടുപോയി.എൽപിജി യെ അപേക്ഷിച്ച് സിഎൻജിക്ക് സാന്ദ്രത കുറവായതിനാൽ അധികനേരം അന്തരീക്ഷത്തിൽ തങ്ങിനിൽക്കാതെ മുകളിലേക്ക് വ്യാപിക്കുന്നതിനാൽ അപകടാവസ്ഥ താരതമ്യേന കുറവാണ്.ഗ്യാസ് വലിയതോതിൽ അന്തരീക്ഷത്തിൽ വ്യാപിച്ചത് സമീപവാസികളിൽ പരിഭ്രാന്തി ഉണ്ടാക്കി.സേനാംഗങ്ങളായ ഈ പ്രസീദ്,കെ ആർ അജേഷ്,വികെ ഷൈജു,പിസി മുഹമ്മദ് സിറാജുദ്ദീൻ, ജെ എ അഭയ്സെൻ,വിഎസ് ഗോകുൽ കൃഷ്ണൻ, അതുൽ രവി,ഫയർ വുമൺ മാരായ ഒ കെ അനുശ്രീ,കെ ശ്രീജിഷ ഹോം ഗാർഡുംമാരായ എ രാജേന്ദ്രൻ,വി വി ഉണ്ണികൃഷ്ണൻ,എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
