By ഷാഫി തെരുവത്ത്
കാസർഗോഡ്: കേരളത്തിൻ്റെ അഭിമാന പദ്ധതിയായ സ്റ്റുഡൻസ് പോലീസ് കേഡറ്റ് പദ്ധതിൽ ജില്ലയിലെ മികച്ച ഡ്രിൽ ഇൻസ്ട്രക്ടറായി പ്രദീപൻ കൊതോളിയെയും കമ്മ്യൂണിറ്റി പോലീസ് ഓഫീസറായി കുണ്ടംകുഴി ഹയർ സെക്കന്ററി സ്കൂളിലെ കെ വാസന്തി ടീച്ചറേയും തെരഞ്ഞെടുത്തു.
ഹൊസ്ദുർഗ് പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറാണ് പ്രദീപൻ കൊതോളി.
സ്റ്റുഡൻസ് പോലീസ് കാഡറ്റ് പദ്ധതിയുടെ സംസ്ഥാന നോഡൽ ഓഫീസർ അജിതാ ബീഗം ഐപിഎസ് ആണ് ഇവരെ മികച്ച എസ്പിസി പരിശീലകരായി കാസറഗോഡ് ജില്ലയിൽ നിന്നും തിരഞ്ഞെടുത്തത്. കുട്ടികളെ നിയമബോധം ഉള്ളവരാക്കി തീർക്കുവാൻ 2010 ൽ സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതിയാണ് സ്റ്റുഡൻസ് പോലീസ് കേഡറ്റ് പദ്ധതി. നിലവിൽ ഹോസ്ദുർഗ് ഹയർസെക്കൻഡറി സ്കൂളിലെ ഡ്രിൽ ഇൻസ്ട്രക്ടറാണ് പ്രദീപൻ. പരിശീലനത്തിന് പുറമേ വിവിധ വിഷയങ്ങളിൽ നിരവധി ബോധവൽക്കരണ ക്ലാസുകൾക്ക് നേതൃത്വം നൽകിയും, കുട്ടികൾക്ക് സ്വയം പ്രതിരോധം, പ്രഥമശുശ്രൂഷ പരിശീലനങ്ങൾ , ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, നിയമാവബോധ ക്ലാസുകൾ, അശരണമായ താമസിക്കുന്ന കേന്ദ്രങ്ങൾ സന്ദർശിച്ച് കുട്ടികളിൽ കാരുണ്യം വളർത്തുക തുടങ്ങിയ ഒട്ടേറെ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. ടി ഐ എച്ച്എസ്എസ് നായന്മാർമൂല, ജിഎച്ച്എസ്എസ് ഉദിനൂർ, ജി എച്ച് എസ് എസ് കക്കാട്ട് എന്നീ സ്കൂളുകളിൽ എസ്പിസി കുട്ടികളെ പരിശീലിപ്പിച്ചിട്ടുണ്ട്.
സ്കൂളുകളിലും കോളേജുകളിലും, റസിഡൻസ് അസോസിയേഷനുകളിലും, കുടുംബശ്രീകളിലും ലഹരി വിരുദ്ധ ക്ലാസുകൾ നടത്തിയും അശരണരായ ആളുകളെ പുനരധിവസിപ്പിച്ചും, ലഹരിക്ക അടിമകളായ മക്കളെ ഡി അഡിക്ഷൻ സെൻററിൽ എത്തിച്ചും, പ്രഥമ ശുശ്രൂഷ പരിശീലന ക്ലാസുകൾ സംഘടിപ്പിച്ചും ജനമൈത്രി പോലീസിലൂടെ ശ്രദ്ധേയമായ പ്രവർത്തനമാണ് ചെയ്തുവരുന്നത്. ദുരന്ത ഘട്ടങ്ങളിൽ ജനങ്ങളെ സഹായിക്കുവാൻ മൈത്രി വളണ്ടിയർ ഗ്രൂപ്പുകൾ ഉണ്ടാക്കി , ചന്തേരയിലും , നീലേശ്വരത്തും കോവിഡ് സമയത്ത് ജനങ്ങൾക്കായി വളണ്ടിയർ ഗ്രൂപ്പുകളെ പ്രവർത്തിപ്പിച്ചു.
മികച്ച ജനമൈത്രി സേവനത്തിന് 2023 ലെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ പോലീസ് മെഡലും , ബഹു .ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണറിനും അർഹനായിട്ടുണ്ട്. സ്റ്റുഡൻസ് പോലീസിന്റെ ചുമതല കൂടാതെ, ജനമൈത്രി ബീറ്റ് ഓഫീസറായും, സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് കോഡിനേറ്ററായും പ്രവർത്തിച്ചുവരുന്നു.
2013 ൽ ഫിസിക്കൽ എജുക്കേഷൻ ടീച്ചറായി സർവ്വീസിൽ കയറിയ കെ വാസന്തി ടീച്ചർ 2016 മുതൽ SPC യുടെ കമ്മ്യൂണിറ്റി പോലീസ് ഓഫീസറായി പ്രവർത്തിക്കുന്നു. തായന്നൂർ സ്വദേശിയായ ടീച്ചർ ഇപ്പോൾ കുണ്ടംകുഴിയിൽ സ്ഥിരതാമസമാണ്. മുൻ സംസ്ഥാന ഫുട്ബോൾ പ്ലെയർ, ഹോക്കി യൂനിവേഴ്സിറ്റി പ്ലെയർ, ബാഡ്മിൻ്റൻ സിവിൽ സർവ്വീസസ് നാഷണൽ പ്ലെയർ എന്നീ നിലകളിൽ ശ്രദ്ധ നേടിയിരുന്നു. ടഗ് ഓഫ് വാർ കേരള ടീമിൻ്റെ കോച്ച് കൂടിയാണ്. സംസ്ഥാനത്തെ ആദ്യ വനിതാ കോച്ച് എന്ന ഖ്യാതി കൂടി നേടിയിട്ടുണ്ട്. എസ് സി. ആർ ടി സി യുടെനേതൃത്വത്തിൽ നടക്കുന്ന ആരോഗ്യ കായിക വിദ്യാഭ്യാസം ഹൈസ്കൂൾ തല പുസ്തക രചന സമിതി അംഗം കൂടിയാണ്.കാസർഗോഡ് ജില്ലയെ എസ് പി സി യെ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനത്തേക്കു നയിക്കുന്നതിൽ രണ്ടുപേരും നിസ്വാർത്ഥമായ സേവനം നൽകിയിരുന്നു.

