കണ്ണൂർ : കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷന്റെയും കുടുംബശ്രീ ആറളം സ്പെഷ്യൽ പ്രൊജക്റ്റ് ടീമിന്റെയും നേതൃത്വത്തിൽ ആറളം മേഖലയിൽ 6 ബ്ലോക്കുകളിലെയും വീടുകളിൽ സംരംഭങ്ങൾ തുടങ്ങാനുള്ള പദ്ധതിക്ക് തുടക്കമായി.
ജില്ലയിലെ പ്രധാനപ്പെട്ട കാർഷിക കേന്ദ്രമായി ആറളത്തെ മാറ്റിയെടുക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള കൃഷിയെ പുത്തൻ സാങ്കേതിക വിദ്യകളും അത്യുത്പാദന ശേഷിയുള്ള വിത്തുകളും നൽകി കൂടുതൽ മേഖലയിലേക്ക് വ്യാപിപ്പിച്ചു കൊണ്ട് കൂടുതൽ പേർക്ക് തൊഴിൽ നൽകാനുള്ള നടപടികൾ ആണ് ആദ്യ ഘട്ടത്തിൽ ചെയ്യുന്നത്.
തുടർന്ന് നെയ്ത്തു പരിശീലനം വഴി 15 പേർക്ക് തൊഴിൽ പരിശീലനവും നെയ്ത്തുപകരണങ്ങൾ വാങ്ങുന്നതിനുള്ള ധനസഹായവും നൽകും. കൂടാതെ കുടുംബശ്രീ ആറളം ബ്രാൻഡഡ് തേൻ യൂണിറ്റുകൾ, ആദി കുട നിർമാണ യൂണിറ്റുകൾ, പുൽ തൈലം യൂണിറ്റ്, മൃഗ പരിപാലനം, കേരള ചിക്കൻ ഫാം, ക്ഷീര ഫാം, പലഹാര യൂണിറ്റ്, ആറളം നിവാസികളുടെ തനതു ഭക്ഷ്യ വിഭവങ്ങൾ നിർമിക്കുന്ന ഭക്ഷ്യ യൂണിറ്റ്, കാറ്ററിംഗ് യൂണിറ്റ്, മുട്ട കോഴി യൂണിറ്റ്, ചെറുധാന്യ വിഭവങ്ങൾ നിർമിക്കുന്ന ഭക്ഷ്യ യൂണിറ്റ് തുടങ്ങിയ സംരംഭങ്ങൾ ഉൾപ്പെടുത്തി ഒരു വീട്ടിൽ ഒരു സംരംഭം എങ്കിലും കുറഞ്ഞത് തുടങ്ങാൻ ആണ് പദ്ധതി ലക്ഷ്യം.
അടുത്ത മൂന്ന് വർഷ കാലയളവിനുള്ളിൽ പദ്ധതി പൂർത്തീകരിക്കാൻ ആണ് ലക്ഷ്യം.
പദ്ധതിയുടെ ഭാഗമായി ജില്ലാ മിഷന്റെ നേതൃത്വത്തിൽ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ക്ലാസ്സുകളും തൊഴിൽ പരിശീലനവും നൽകും.
ആറളം മേഖലയിൽ ജനങ്ങൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായ വന്യ ജീവി ശല്യം കുറയ്ക്കുന്നതിനുള്ള നടപടികളും കുടുംബശ്രീ നേതൃത്വത്തിൽ ചെയ്യാനുള്ള ഒരുക്കത്തിലാണ് സ്പെഷ്യൽ പ്രൊജക്റ്റ് ടീമും ആറളം കുടുംബശ്രീ പ്രവർത്തകരും. അതിന്റെ ഭാഗമായി റെയിൽവേ ഫെൻസിങ് ഉപയോഗിച്ച് കൊണ്ട് ജന വാസ മേഖലകളിൽ സംരക്ഷണ കവചം ഒരുക്കുന്നതിനുള്ള ചർച്ചകൾ നടന്നുവരുന്നു.
നിലവിൽ ആറളം ഫാമിൽ 56 കർഷക ജെ എൽ ജി ഗ്രൂപ്പുകളും, 2 ആദി കുട നിർമാണ യൂണിറ്റുകൾ, 13 ബ്രിഡ്ജ് കോഴ്സ് സെന്റർ, പുൽ തൈല നിർമ്മാണ യൂണിറ്റ്, വ്യക്തി ഗത സംരഭങ്ങൾ , കുടുംബശ്രീ എത്നിക് കാന്റീൻ, കൊക്കോസ് വെളിച്ചെണ്ണ മിൽ എന്നിവ പ്രവർത്തിച്ചു വരുന്നുണ്ട്.
