
കാസര്‍ഗോഡ്: കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം തകര്‍ന്നു സ്ത്രീ മരിക്കാനിടയായ സാഹചര്യത്തില്‍ സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ കെടു കാര്യസ്ഥതക്കെതിരെ ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു യൂത്ത് ലീഗ് നടത്തിയ കാസര്‍ഗോഡ് ജനറല്‍ ആശുപത്രി മാര്‍ച്ചില്‍ മന്ത്രി വീണ ജോര്‍ജിന്റെ കോലം കത്തിച്ചു. മാര്‍ച്ച് ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്ത് പോലീസ് തടഞ്ഞു. തുടര്‍ന്ന് പ്രകടനമായി എത്തിയ പ്രവര്‍ത്തകരെ യൂത്ത് ലീഗ് നേതാവ് അഷറഫ് എടനീര്‍ അഭിസംബോധന ചെയ്തു. കേരളത്തിലെ ആരോഗ്യ മേഖലയെ അമേരിക്ക പോലും മാതൃകയാക്കുന്നു എന്ന് വിടുവായത്വം പറഞ്ഞു നടക്കുന്ന സംസ്ഥാന ഭരണകൂടം കോട്ടയം മെഡിക്കല്‍ കോളേജില്‍ അനാസ്ഥമൂലം കൊല്ലപ്പെട്ട സഹോദരിയുടെ രക്തത്തിനു സമാധാനം പറയണമെന്ന് അദ്ദേഹം പറഞ്ഞു. നൌഫല്‍ തായല്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് ആരോഗ്യ മന്ത്രിയുടെ കോലം കത്തിച്ചു.
