
മൊഗ്രാൽ.(കാസർഗോഡ്) പന്നിക്ക് പിന്നാലെ മുള്ളൻ പന്നിയും കൃഷികൾ നശിപ്പിക്കാൻ തുടങ്ങിയതോടെ കർഷകർ ദുരിതത്തിലായി. മൊഗ്രാൽ വലിയ നാങ്കി റോഡിലെ കെ മുഹമ്മദ് കുഞ്ഞി മാസ്റ്ററുടെ പറമ്പിൽ 3 വർഷം മുമ്പ് നട്ടുപിടിപ്പിച്ച 15-ഓളം തെങ്ങിൻ തൈകളാണ് കഴിഞ്ഞദിവസം രാത്രി മുള്ളൻ പന്നി നശിപ്പിച്ചത്.
തെങ്ങിൻ തൈകളുടെ അടിവേരിളക്കി തൈകൾ മറിച്ചിട്ടാണ് നശിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം മൊഗ്രാലിലെ വിവിധ ഭാഗങ്ങളിൽ പന്നികളുടെ ആക്രമണമുണ്ടായി രുന്നു.വീട്ടുപറമ്പിലെ വാഴകളാണ് അന്ന് വ്യാപകമായി നശിപ്പിച്ചത്. അന്ന് പരാതി നൽകിയിട്ടും അധികൃതർ നടപടി സ്വീകരിച്ചില്ലെന്ന ആക്ഷേപവുമുണ്ട്.
കൃഷി ഇടങ്ങളിലെ വന്യമൃഗ ശല്യം തടയാൻ ഒരുപാട് പദ്ധതികൾ സർക്കാർ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അതൊന്നും കർഷകരുടെ സംരക്ഷണത്തിന് ഉപകരിക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.കൃഷി നാശം തടയാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടും, നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടും കെ മുഹമ്മദ് കുഞ്ഞി മാഷ് കുമ്പള കൃഷിഭവനിലും, വില്ലേജ് ഓഫീസിലും പരാതി നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.