By അശോക് നീർച്ചാൽ
ബദിയടുക്കഃ മരങ്ങള്‍ മുറിച്ചു നീക്കാനുള്ള ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാതെ അധികൃതര്‍ സ്ഥലം വിട്ടു. ബദിയടുക്ക പഞ്ചായത്ത് പരിധിയിലെ
റോഡരികില്‍ അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ച് മാറ്റാന്‍ ടെണ്ടര്‍ നടപടികള്‍ക്കായി കെ എസ് ടി പി അധികൃതര്‍ ഇന്നലെ (വ്യാഴാഴ്ച )ബദിയടുക്കയിലെത്തിയിരുന്നു. എന്നാല്‍ ലേലത്തില്‍ പങ്കെടുക്കാന്‍ ആള്ക്കാര് എത്തിയില്ല. കുമ്പള -മുള്ളേരിയ കെ എസ് ടി പി റോഡരികിലെ ബദിയടുക്ക മുകളിലെ ബസാര്‍, കന്യപ്പാടി, ബേള തുടങ്ങിയ സ്ഥലങ്ങളില്‍ അപകടാവസ്ഥയിലുള്ളതും, നേരത്തെ മുറിച്ച് റോഡരികില്‍ കൂട്ടിയിട്ടതുമായ അക്ക്യഷ്യ, ദേവാദാരു, അരയാല്‍ തുടങ്ങിയ മരങ്ങളാണ് ലേലത്തിന് വെച്ചിരുന്നത്. മുന്‍ കാലങ്ങളില്‍ പത്ര മാധ്യമങ്ങളില്‍ ലേലം സംബന്ധിച്ച വാര്‍ത്തകളും പരസ്യങ്ങളും നല്കാറുണ്ടായിരുന്നു. എന്നാല്‍ ഇവിടെ അത് നടപായില്ല. കെ എസ് ടി പി എക്സിക്യൂട്ടിവ് എഞ്ചിനിയര്‍ കണ്ണൂര്‍ എന്ന പേരില്‍ നാഷണലൈസ്ഡ് ബാങ്കില്‍ നിന്നും മുന്നൂറ് രൂപയുടെ ഡി.ഡി എടുത്തതിന് ശേഷം ലേലത്തില്‍ പങ്കെടുക്കാമെന്നാണ് നിബന്ധന. എന്നാല്‍ ഇത് സംബന്ധിച്ച അറിയിപ്പ് അധികൃതരുടെ ഭാഗത്ത് നിന്നുമുണ്ടായില്ലെന്ന ആരോപണമുണ്ട്.
ബദിയടുക്ക പഞ്ചായത്ത് കുടുംബശ്രി ഹാളില്‍ രാവിലെ പത്ത് മണിക്ക് തന്നെ എത്തിയ കെ എസ് ടി പി അധികൃതര്‍ ഏറെ വൈകുവോളം കാത്തിരുന്നുവെങ്കിലും ലേലത്തില്‍ പങ്കെടുക്കുവാന്‍ ആരും തന്നെ എത്താത്തതിനെ തുടര്‍ന്ന് മടങ്ങുകയാണുണ്ടായത്. പഞ്ചായത്തില്‍ നടക്കുന്ന ലേല നടപടികളെ കുറിച്ച് ഒരു അറിയിപ്പുമുണ്ടായിരുന്നില്ലെന്ന് പഞ്ചായത്ത് അംഗം ശ്യാം പ്രസാദ് മാന്യ ഒരു സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു. ഇതു സംബന്ധിച്ച് പഞ്ചായത്തുമായി ബന്ധമില്ലാത്ത ഒരു ഒണ്‍ലൈന്‍ ഗ്രൂപ്പിലും ചര്‍ച്ച വിഷയമായിരുന്നു .
