തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ എൽ.ഡി.എഫിന്റെ പരാജയത്തിന്റെ കാരണം വിശദീകരിച്ച് മന്ത്രി മുഹമ്മദ് റിയാസ്. നിലമ്പൂരിലെ ജനവിധി മാനിക്കുന്നെന്നും പരാജയത്തിന്റെകാരണം ഭരണവിരുദ്ധ വികാരമല്ലെന്നും ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം പറഞ്ഞു.
മതവർഗീയ ശക്തികളുടെ സഹായത്താൽ യു.ഡി.എഫ് നിലമ്പൂരിൽ സ്വന്തമാക്കിയ വിജയം ഇപ്പോൾ മധുരിക്കുമെങ്കിലും പിന്നീട് കയ്ക്കുമെന്നും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണവിരുദ്ധ വികാരമാണ് നിലമ്പൂരിൽ പ്രതിഫലിച്ചതെന്ന പ്രചാരണം നടത്തുന്നവരോട് 2024-ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ 37000 അധികം വോട്ടുകൾ എൽ.ഡി.എഫിന് ഈ ഉപതിരഞ്ഞെടുപ്പിൽ കിട്ടിയത് എങ്ങനെയാണെന്ന് അവലോകനം ചെയ്യാനും അദ്ദേഹം നിർദേശിച്ചു.
നിലമ്പൂരിലെ പരാജയം സ്വരാജിന്റെ വ്യക്തിപരമായ പരാജയമായി കണക്കാക്കുന്നില്ലെന്നും സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങൾക്കിടയിൽ പ്രചരിപ്പിച്ചും യു.ഡി.എഫിന്റെ രാഷ്ട്രീയ പാപ്പരത്തവും മതവർഗീയതയും തുറന്നുകാട്ടിയും മുന്നോട്ട് പോകുമെന്നും കുറിപ്പിൽ പറയുന്നു. മതരാഷ്ട്ര വാദികളായ ജമാത്തെ ഇസ്ലാമിയെ രണ്ടു കൈയ്യും നീട്ടി യു ഡി എഫ് സ്വീകരിച്ചു. വോട്ടെണ്ണലിന്റെ തലേ ദിവസം ബി.ജെ.പി സ്ഥാനാർത്ഥി പ്രസ്താവിച്ചത് , ഇടതുപക്ഷം ജയിക്കാതിരിക്കാൻ ബി ജെ പി വോട്ടുകൾ യു ഡി എഫിന് നു നൽകിയെന്നാണ്. 2016 ൽ ലഭിച്ചതിനേക്കാൾ നാലായിരത്തോളം വോട്ടുകൾ ബി ജെ പി ക്ക് കുറവാണ് ലഭിച്ചത് എന്നത് ഇതോടൊപ്പം കൂട്ടി വായിക്കേതുണ്ടെന്നും റിയാസ് കുറിക്കുന്നു.
9 മാസം മാത്രം കാലാവധിയുള്ള ഒരു എം എല്‍ എ യെ തിരഞ്ഞെടുക്കേണ്ട ഒരു മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ഫലം ,സംസ്ഥാനത്ത് ഭരണം നടത്തുന്ന സർക്കാരിനെതിരെയുള്ള വിധിയെഴുത്താണ് എന്ന് വരുത്തി തീർക്കാൻ ആരൊക്കെ ശ്രമിച്ചാലും അത് വസ്തുതയാവില്ല. 2024 ലെ കേരളത്തിലെ ലോക്സഭ ഫലം സംസ്ഥാന സർക്കാരിനെതിരായ ഭരണ വിരുദ്ധ വികാരമാണെന്ന ചില മാധ്യങ്ങളുടെയും പ്രതിപക്ഷത്തിന്റെയും പ്രചരണ കോലാഹലങ്ങൾ കഴിഞ്ഞിട്ട് അധികംകാലമായില്ലെന്നും ? ലോകസഭ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുമ്പോൾ ജനങ്ങൾ ചിന്തിക്കുന്നതു പോലെയാവില്ല നിയമസഭ തിരഞ്ഞെടുപ്പിൽ ചിന്തിക്കുക എല്ലാവര്ക്കും മന്ത്രിയുടെ കുറിപ്പില്‍ പറയുന്നു

