
കാസർഗോഡ്. കാൽനടയാത്രക്കാരുടെ സുരക്ഷിതത്വത്തിനാണ് ദേശീയപാത വികസനത്തിന്റെ ഭാഗമായി സർവീസ് റോഡിനരികിൽ നടപ്പാതകൾ നിർമ്മിച്ചുവരുന്നത്. തലപ്പാടി-ചെങ്കള റീച്ചിൽ നടപ്പാതകളുടെ ഏകദേശം 60 ശതമാനം ജോലികൾ പൂർത്തിയാക്കിയിട്ടുമുണ്ട്.എന്നാൽ പൂർത്തിയാക്കിയ നടപ്പാതകൾ കാൽനടയാത്രക്കാർക്ക് പ്രയോജനപ്പെടുന്നില്ലെന്നാണ് ഇപ്പോൾ ആക്ഷേപം ഉയരുന്നത്.
കാൽനടയാത്രക്കാരുടെ സുരക്ഷിതത്വത്തിന് പകരം വൈദ്യുതി പോസ്റ്റുകൾ ഉറപ്പിച്ചുനിർത്താനുള്ള സുരക്ഷിതത്വമാണോ നടപ്പാത വഴി ഒരുക്കിയ തെന്ന് കാൽനടയാത്രക്കാർ ചോദിക്കുന്നുണ്ട്. നടപ്പാതകളിൽ മൊത്തം വൈദ്യുതി പോസ്റ്റുകളും, ട്രാൻസ്ഫോർമറുകളുമാണെന്ന് കാൽനടയാത്രക്കാർ പറയുന്നു.വൈദ്യുതി പോസ്റ്റുകൾ സ്ഥാപിക്കുമ്പോൾ സൈഡിൽ ഒതുക്കി സ്ഥാപിച്ചുവേണം നടപ്പാതകൾ നിർമ്മിക്കേണ്ടതെന്ന് നിർമ്മാണ സമയത്ത് തന്നെ സന്നദ്ധ സംഘടനകൾ നിർമ്മാണ കമ്പനി അധികൃതരെ രേഖാമൂലം അറിയിച്ചി രുന്നതാണ്.ദേശീയപാത നിർമ്മാണത്തിൽ എന്നതുപോലെ പരാതികൾ കേൾക്കാത്ത “സർക്കാർ” സ്ഥാപനമായി നിർമ്മാണ കമ്പനി മാറിയെന്നാണ് കാൽനടയാത്രക്കാർ കുറ്റപ്പെടുത്തുന്നത്. ഹൈക്കോടതി പോലും കാൽനടയാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് നടപ്പാതയുടെ കാര്യത്തിൽ നേരത്തെ തന്നെ ഇടപെടൽ നടത്തിയിരുന്നതുമാണ്.
നടപ്പാതയുടെ നടുവിലാണ് എല്ലായിടത്തും വൈദ്യുതി പോസ്റ്റുകൾ സ്ഥാപിച്ചിട്ടുള്ളത്. ട്രാൻസ്ഫോർമറുകളാകട്ടെ ചിലയിടങ്ങളിൽ നടപ്പാതയെ തന്നെ വിഴുങ്ങിയിട്ടുണ്ട്. വിദ്യാർത്ഥികളടക്കമുള്ള കാൽനടയാത്രക്കാർ ഇത്തരം സ്ഥലങ്ങളിൽ ഇടുങ്ങിയ സർവീസ് റോഡിലൂടെ വേണം നടന്നു പോകാൻ.ഇത് വഴി ചീറി പാഞ്ഞു വരുന്ന വാഹനങ്ങൾ കാൽനടയാത്രക്കാർക്ക്ഭീഷണി സൃഷ്ടിക്കുന്നുമുണ്ട്. ദീർഘവീക്ഷണമില്ലാ തെയാണ് വൈദ്യുതി പോസ്റ്റുകളും, നടപ്പാതകളും നിർമ്മിച്ചതെന്നാണ് കാൽനടയാത്രക്കാരുടെ പരാതി.
നടപ്പാതകളിലൂടെ കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി നടന്നു പോകുവാൻ മുഴുവൻ വൈദ്യുതി പോസ്റ്റുകളും, ട്രാൻസ്ഫോർമറുകളും മാറ്റിസ്ഥാപിക്കാൻ സംസ്ഥാന വൈദ്യുതി വകുപ്പിനും, ബന്ധപ്പെട്ടവർക്കും പരാതി നൽകാൻ ഒരുങ്ങുകയാണ് ഇപ്പോൾ കാൽനടയാത്രക്കാർ.