കന്യപ്പാടിഃ (ബദിയടുക്ക): തകര്‍ന്ന് റോഡിൽ കുണ്ടും കുഴിയും രൂപപ്പെട്ട് മഴവെള്ളം കെട്ടികിടന്ന് ചെളിക്കുളമായ റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് റോഡിലെ കുഴിയില്‍ നിറഞ്ഞ വെള്ളത്തില്‍ പ്രതീകാത്മക വള്ളമിറക്കി പ്രതിഷേധ സമരം നടത്തി. എന്മകജെ ,ബദിയടുക്ക യൂത്ത്കോണ്‍ഗ്രസ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ചെന്നഗുളിയില് ഇന്ന് (ഞായറാഴ്ച )യാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചത്. യൂത്ത്കോണ്‍ഗ്രസ് എന്മകജെ മണ്ഡലം പ്രസിഡന്റ് ഫാറൂഖിന്റെ അധ്യക്ഷതയില്‍ നടന്ന പ്രതിഷേധ സമരം ഡി സി സി ജനറല്‍ സെക്രട്ടറിയും എന്മകജെ പഞ്ചായത്ത് പസിഡന്റുമായ സോമശേഖര ജെ.എസ് റോഡിലെ കുഴിയില്‍ വള്ളമിറക്കി ഉദ്ഘാടനം ചെയ്തു. യൂത്ത്കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ശ്രീനാഥ് , ബദിയടുക്ക പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. അബ്ബാസ്, മുസ്ലീം ലീഗ് മഞ്ചേശ്വരം നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി സിദ്ദീഖ് വളമുഗര്‍, എന്മകജെ പഞ്ചായത്ത് അംഗം ജമീല മുസ്തഫ, നേതാക്കളായ കുഞ്ചാര്‍ മുഹമ്മദ് ഹാജി, കമറുദ്ദീന് പാടലടുക്ക, രവി കുണ്ടാല്‍മൂല, ഐത്തപ്പ ചെന്നഗുളി തുടങ്ങിയവര്‍ നേതൃത്വം നല്കി. കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കാസര്‍കോട് -മുണ്ട്യത്തടുക്ക റോഡില്‍ കന്യപ്പാടിയിലെ മാടത്തടുക്ക ദേവറമെട്ടു മുതല്‍ പള്ളം വരെ റോഡ് തകര്‍ന്ന് കുഴി രൂപപ്പെടുകയും ചിലയിടങ്ങളില്‍ കോണ്‍ക്രിറ്റ് ചെയ്ത സ്ഥലങ്ങളില്‍ ഇരുമ്പ് കമ്പി റോഡില്‍ നിന്ന് മേല്പ്പോട്ട് തള്ളി നിന്ന് വാഹനങ്ങളുടെ ടയറിന് കേട്പാട് സംഭവിക്കുകയും റോഡിലെ കുഴിയില്‍ നിറഞ്ഞ വെള്ളത്തില്‍ റോഡ് ഏത് എന്നറിയാതെ അപകടം സംഭവിക്കുന്നത് പതിവ് കാഴ്ചയാണ്. അടിയന്തിരമായും കുഴികള്‍ അടച്ച് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ടണ് യൂത്ത് കോണ്‍ഗ്രസ് പവര്‍ത്തകര്‍ പ്രതിഷേധ സമരം നടത്തിയത്. അടിയന്തിരമായി അറ്റകുറ്റ പ്രവര്‍ത്തനം നടത്തി ഗതാഗത യോഗ്യമാക്കിയില്ലെങ്കില്‍ റോഡ് ഉപരോധം അടക്കമുള്ള സമരങ്ങള്ക്ക മുന്നിട്ടിറങ്ങുമെന്ന് യൂത്ത്കോണ്‍ഗ്രസ് ഭാരവാഹികള്‍ അറിയിച്ചു.
