By അശോക് നീർച്ചാൽ
കന്യപ്പാടി : റോഡ് തകര്‍ന്ന് തരിപ്പണമായി രൂപപ്പെട്ട കുഴികളില്‍ നിറഞ്ഞൊഴുകുന്ന വെള്ളക്കെട്ട് വാഹന യാത്രക്കാര്‍ക്കും, കാല്‍നട യാത്രക്കാര്‍ക്കും ഒരുപോലെ ദുരിതമാവുന്നു.
കാസർഗോഡ് -മുണ്ട്യത്തടുക്ക റോഡിലെ ദേവറമെട്ടു, മാടത്തടുക്ക മുതല്‍ പള്ളം വരെയുള്ള സ്ഥലങ്ങളിലാണ് കുഴികള്‍ രൂപപ്പെട്ട് വെള്ളംക്കെട്ടി നില്‍ക്കുന്നത്. റോഡിലെ കുഴി ഏതെന്നറിയാതെ പലപ്പോഴും അപകടത്തിന് കാരണമാകുന്നു. വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ കാല്‍നട യാത്രക്കാരുടെ ദേഹത്ത് ചെളിവെള്ളം തെറിക്കുന്നതും പതിവാണ്.
ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള റോഡില്‍ പലയിടങ്ങളിലായി കോണ്‍ക്രിറ്റ് ചെയ്തിട്ടുണ്ടെങ്കിലും അവയും തകര്‍ന്ന് ഇരുമ്പ് കമ്പികള്‍ മേല്പ്പോട്ട് പൊങ്ങി നില്ക്കുന്നതിനാല് അതിലൂടെ കടന്നു പോകുന്ന വാഹനങ്ങളുടെ ടയറിന് കേട്പാട് സംഭവിക്കുന്നത് നിത്യ സംഭവമായി മാറിയിരിക്കുന്നു.
കൂടുതലും ഇരുചക്ര വാഹന യാത്രക്കാർക്കാണ് അപകടത്തില്‍പെടുന്നത്.

റോഡ് മെക്കാഡം ടാറിംഗ് നടത്താനുള്ള നടപടി സ്വീകരിച്ച് വരുന്നതായി ബന്ധപെട്ട അധികാരികൾ പറയുന്നുണ്ടെങ്കിലും
ഒരു നടപടിയും ഉണ്ടായില്ലന്ന പരാതിയാണ് നാട്ടുകാര്‍ക്കുള്ളത്.അപകട കുഴി അടക്കാനുള്ള അറ്റകുറ്റ പ്രവർത്തി അടിയന്തിരമായി നടത്തണമെന്ന് നാട്ടുക്കാരുടെ ആവശ്യം.
ദിനംപ്രതി പത്ത് സ്വകാര്യ ബസുകളും ചെറുതും വലുതുമായ നിരവധി വാഹനങ്ങള്‍ കടന്ന് പോകുന്ന റോഡാണ് തകര്‍ന്ന് തരിപ്പണമായത്.
ഉക്കിനടുക്ക മെഡിക്കൽ കോളേജിലേക്ക് എത്താവുന്ന എളുപ്പവഴിയാണിത്.
ചെങ്കല്ല് കയറ്റി പോകുന്ന ലോറികളും നിയന്ത്രണമില്ലാതെ ഓടുന്നു എന്നാൽ കുഴി അടക്കാനുള്ള പ്രവർത്തിയും അവരുടെ ഭാഗത്തിൽ നിന്നും ഉണ്ടാകുന്നില്ലന്ന ആക്ഷേപമുണ്ട്.
