

ചെമ്മനാട് (കാസർഗോഡ് ): നാളിതുവരെ മുസ്ലിം ലീഗ് കുത്തകയാക്കി വച്ചിരുന്ന ചെമ്മനാട് പഞ്ചായത്തിലെ ഒന്നാം വാർഡിൽ ഇക്കുറി അക്ഷരാർത്ഥത്തിൽ തീ പാറും പോരാട്ടം. ഹരിത കർമ സേനയിൽ അടക്കം ഒന്നിച്ചു സാമൂഹ്യ പ്രവർത്തനം നടത്തുന്ന സകീന നജീബ് യു ഡി എഫ് സ്ഥാനാർഥിയായി മത്സരിക്കുമ്പോൾ, വാർഡിൽ ഉടനീളം സുപരിചിതയായ ഉഷാകുമാരി സ്വാതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നു. വാർഡിന്റെനാളിതുവരെ യായുള്ള വികസന മുരടിപ്പാണ് ഉഷകുമാരി പ്രചാരണ ആയുധമാക്കുന്നത്. കാലങ്ങളായി ചെമ്മനാട് പഞ്ചായത്ത് ഒന്നാം വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങൾ മുഖേന വാർഡിൽ ഒരു വികസനവും തൊട്ട് തീണ്ടിയിട്ടില്ലെന്നു ഉഷാകുമാരിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനും, പ്രദേശത്തെ എല്ലാ പൊതു കാര്യങ്ങൾക്കും സജീവ സാനിധ്യവുമായ ബി എച്ച് അബ്ദുൽ ഖാദർ പറഞ്ഞു. ഭരണ സിരാ കേന്ദ്രങ്ങളിൽ കയറിയാൽ പൊതു വിഷയം അവതരിപ്പിക്കുമ്പോൾ ജയിച്ചു പോന്ന അംഗത്തിന് അഹങ്കാരവും അഹംഭാവവുമാണ്. നാളിതുവരെ ഇതാണ് അനുഭവം. ഒരു മാറ്റത്തിന് കൊതിക്കുന്ന വാർഡിലെ വോട്ടർമാരാണ് ഉഷാകുമാരിയുടെ ശക്തി. അദ്ദേഹം പറഞ്ഞു.
മികച്ച സംഘാടകയായ സക്കീന നജീബ് തൊഴിലാളികളുടെ ഇഷ്ട തോഴിയെന്ന് വിശേഷിപ്പിക്കാമെന്നു യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ സഹീദ് എസ് എ പറഞ്ഞു.
പ്രവർത്തിച്ച വിവിധമേഖലകളിൽ തിളക്കമാർന്നപ്രവർത്തനം അവർ കാഴ്ച വച്ചിട്ടുണ്ടെന്നും സഹീദ് വ്യക്തമാക്കി.
നാല് തൃതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുൻപാണ് മാറ്റത്തിന് വേണ്ടി ചെമ്മനാട് പഞ്ചായത്ത് ഒന്നാം വാർഡിൽ ലീഗിന് എതിരായി ഒരു ജനകീയ സ്ഥാനാർഥി എന്ന പേരിൽ ഇതുപോലൊരു മത്സരം നടന്നത്. അന്ന് ലീഗിലെ അതികായൻ അന്തരിച്ച ടി എച്ച് അബ്ദുള്ള എല്ലാ വെല്ലുവിളികൾക്കും അധീതനായി വിജയം വരിച്ചു. അന്ന് വിമതരായിരുന്നവർ ഇന്ന് പാർട്ടി നേതൃത്വത്തിലും ഭരണത്തിലും ഒക്കെ പങ്കാളിയാണ് എന്നത് കാലത്തിന്റെ വിരോധാഭാസം. ഇതൊക്കെയും കണ്ട് ബൂത്തിൽ പോകുന്ന വോട്ടർമാരുടെ ഒരു നിമിഷത്തെ തീരുമാനം നിർണ്ണയിക്കും വാർഡ് ആരുടെ കയ്യിൽ സുരക്ഷിതമെന്ന്.