കോഴിക്കോട്: അതിഗുരുതരാവസ്ഥയിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം മങ്കട സ്വദേശിനി മരിച്ചത് നിപ വൈറസ് ബാധമൂലമെന്ന് സംശയം.പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പരിശോധന ഫലം പോസിറ്റീവ് ആണ്.തുടര്‍ന്നു പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ക്വാറനടീനിലാണ്.
ജൂണ്‍ 28 നാണ് പതിനെട്ടുകാരിയെ അതി ഗുരുതരാവസ്ഥയില്‍ കോഴിക്കോട്ടെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചത് . .ജൂലൈ ഒന്നിന് മരണം സംഭവിച്ചു.തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി.സാമ്പിള്‍ , മെഡിക്കല്‍ കോളേജിലെ സാമ്പിള്‍ ടൂ ലാബില്‍ നടത്തിയ പരിശോധനയിലാണ് നിപ പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തത്.തുടര്‍ന്ന് സാമ്പിള്‍ പൂനെ വൈറോളജി ലാബിലേക്ക് അയക്കുകയായിരുന്നു.പൂനെയില്‍ നിന്നുള്ള ഫലം ഇന്ന് ലഭിക്കും.പൂനയിലെ ലെവല്‍ ത്രീ വൈറോളജി ലാബിലെ പരിശോധനക്ക് ശേഷം മാത്രമേ ഔദ്യോഗിക സ്ഥിരീകരണമാവൂ.
മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് വെന്റിലറ്ററിലാണ് രോഗിയെ കോഴിക്കോട്ടെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചിരുന്നത്.അതിനിടെ മസ്തിഷ്ക മരണം സംഭവിച്ചു. ഇതില്‍ സംശയം തോന്നിയാണ് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് അയച്ചത്.
