കാസര്‍ഗോഡ്: കേരള സര്‍ക്കാരിന്റെ ആദ്യ ദത്തു പുത്രി ടി ശ്രീജ ഇന്ന് അമ്മായിഅമ്മ ആകും. ശ്രീജയുടെയും അദ്ധ്യാപകനായ വിനോദിന്റെയും മകള്‍ ശ്രീലക്ഷ്മി ഇന്ന് മംഗല്യവതിയാകുന്നു. .പയ്യന്നൂര്‍ എടാട്ട് പുതിയ വീട്ടില്‍ രാജീവന്, സജിത ദമ്പതികളുടെ മകനും ഗള്‍ഫില്‍ എന്ജിനീയരുമായ അശ്വന്ത് രാജനാണ് ശ്രീലക്ഷ്മിക്ക് ഇന്ന് താലികെട്ടുന്നത്. കാഞ്ഞങ്ങാട് ഐങ്ങോത്ത് നക്ഷത്ര ഹാളിലാണ് വിവാഹം. 1994 ജൂലൈ 20 രാത്രിയുണ്ടായ പെരുമഴയില്‍ ഒരു കുടുംബം ഒന്നായി ഇല്ലാതായപ്പോള്‍ തനിച്ചായ പെരുംബള അണിഞ്ഞയിലെ ശ്രീജയുടെ മകളാണ് ശ്രീലക്ഷ്മി.

കാലവര്‍ഷ കെടുതിയില്‍ കൂറ്റന്‍ മാവ് വീടിനു മുകളിലേക്ക് പതിച്ചപ്പോള്‍ ശ്രീജയ്ക്ക് നഷ്ടമായത് മാതാപിതാക്കളെയും രണ്ടു സഹോദരങ്ങളെയുമായിരുന്നു. കട്ടിലിനടിയിലായിരുന്ന ശ്രീജയെ മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിലൂടെയാണ് രക്ഷാ പ്രവര്‍ത്തകര്‍ പുറത്തെടുത്തത്. കുടുംബം ഒന്നാകെ ഒരു ദുരിതത്തില്‍ ഇല്ലാതായപ്പോള്‍ ഒറ്റപ്പെട്ടു പോയ ശ്രീജയുടെ സങ്കടം നാടിന്റെ നോവായി. ശ്രീജയുടെ നിസാഹയാവസ്ഥ അന്നത്തെ കാസര്‍ഗോഡ് ജില്ലാ കലക്ടര്‍ മാരാപാണ്ട്യന് ഹൃദയത്തില്‍ എടുക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ശുപാര്‍ശയില്‍ അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരന് ശ്രീജയെ സര്‍ക്ക്കാരിന്റെ ആദ്യ ദത്തുപുത്രിയായി പ്രഖ്യാപിക്കുകയായിര്യിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയായ ഇ കെ നായനാര്‍ സര്‍ക്കാര്‍ ശ്രീജയ്ക്ക് വീടും സ്ഥലവും റവന്യു വകുപ്പില്‍ ജോലിയും നല്കി. ശ്രീജയും വിനോദുമായുള്ള വിവാഹം നടത്തി കൊടുത്തതും സര്‍ക്കാര്‍ തന്നെ ആയിരുന്നു. ജീവിതത്തിലെ ഈ അപൂര്‍വ നിമിഷത്തില്‍ സന്തോഷവതി ആണെങ്കിലും, കുടുംബാഗങ്ങളെ നഷ്ടപ്പെട്ട തന്നെ ജീവിതത്തിലേക്ക് കൈ പിടിച്ചു കൊണ്ടുവന്ന പിതൃതുല്യനായ അന്നത്തെ കലക്ടര്‍ മാരാപാണ്ട്യന് ഈ മംഗള കര്‍മ്മത്തില്‍ ഇല്ലല്ലോ എന്ന സങ്കടം ശ്രീജ തുറന്നു പറയുന്നു.
