
കാസർഗോഡ്. കെഎസ്ആർടിസി ബസിനെ പ്രതീക്ഷിച്ചു ടൗണിൽ എത്താനാവുന്നില്ലെന്ന് യാത്രക്കാർ. സന്ധ്യയായാൽ ചന്ദ്രഗിരി കെഎസ്ടി പി റോഡിൽ കാഞ്ഞങ്ങാട് ഭാഗത്തേക്കും, ചെർക്കള ദേശീയപാത വഴി കണ്ണൂരിലേക്കും ബസ്സുകൾ ഇല്ലാത്തതാണ് യാത്രക്കാർക്ക് ദുരിതമാവുന്നുത്.
ബസ് സർവീസിന് പ്രതീക്ഷിച്ച് വിവിധ ആവശ്യങ്ങൾക്ക് ടൗണിലേക്ക് എത്താൻ ഇത് മൂലം പ്രയാസമാണെന്നും യാത്രക്കാർ ചൂണ്ടിക്കാട്ടുന്നുണ്ട്. ചെർക്കള ദേശീയപാത, ചന്ദ്രഗിരി കാഞ്ഞങ്ങാട് ഈ രണ്ടു റൂട്ടുകളിലും രാത്രി പത്തുമണിവരെയെ ങ്കിലും കെഎസ്ആർടിസിബസ്സുകൾ സർവീസ് നടത്തണമെന്ന് യാത്രക്കാർ കാലങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികൃതർ ചെവി കൊള്ളുന്നില്ലെന്നാണ് പരാതി.ഈ വിഷയത്തിൽ ജനപ്രതിനിധികളും വേണ്ടവിധത്തിൽ ഇടപെടുന്നില്ലെന്ന ആക്ഷേപവും യാത്രക്കാർക്കുണ്ട്.
ദൂരെ ദിക്കുകളിൽ നിന്ന് കാസർഗോഡ് എത്തിപ്പെട്ട് സന്ധ്യയാകുമ്പോഴേക്കും ബസ് കിട്ടാതെ കുടുങ്ങിപ്പോകുന്ന അവസ്ഥയാണ് യാത്രക്കാർക്കുള്ളത്. കഴിഞ്ഞ ദിവസം മംഗളൂരുവിൽ നിന്ന് കെഎസ്ആർടിസി ക്കുള്ള ഡീസൽ വിതരണം മുടങ്ങിയത് മൂലം പ്രസ്തുത റൂട്ടുകളിൽ ഇന്നലെ ഏതാനും സർവീസുകൾ മുടങ്ങുകയും ചെയ്തത് യാത്രാദുരിതം വർദ്ധിപ്പിച്ചു. കെഎസ്ആർടിസിയെ ആശ്രയിക്കുന്ന യാത്രക്കാർ ഭീമമായ ഓട്ടോ ചാർജ് കൊടുത്താണ് നാട്ടിലേക്ക് മടങ്ങുന്നത്. “പാങ്ങുള്ള ബസാർ ചേലുള്ള ബസാർ”എന്ന പേരിൽ നഗരസഭ നടപ്പിലാക്കിയ പദ്ധതി ജനങ്ങൾക്ക് പ്രയോജനപ്പെടണമെങ്കിൽ നഗരത്തിൽ രാത്രി 10 മണി വരെ കടകൾ തുറന്നു പ്രവർത്തിക്കാനും, കെഎസ്ആർടിസി ബസ്സുകൾ സർവീസ് നടത്താനും തയ്യാറാകണമെന്ന് നേരത്തെ തന്നെ നഗരസഭയും ഈ ആവശ്യം മുന്നോട്ടുവെച്ചിരുന്നു. പദ്ധതിപ്രകാരമാണ് ടൗണിൽ നഗരസഭ വെളിച്ച വിപ്ലവമൊരുക്കി നഗരത്തെ പ്രകാശപൂരിതമാക്കിയത്.പക്ഷേ ഇത് കാണാനുള്ള ഭാഗ്യം ജനങ്ങൾക്കുണ്ടായില്ല.കാരണം രാത്രി 8 മണിയാകുമ്പോൾ തന്നെ കടകൾ പൂട്ടി പോകുന്നു,ബസ് സർവീസുകളുമില്ല.ഈ അവസ്ഥയ്ക്ക് മാറ്റം വേണമെന്ന് വ്യാപാരികളും, യാത്രക്കാരും നിരന്തരമായി ആവശ്യപ്പെടുന്നുണ്ട്.
ജില്ലയിലെ രാത്രികാല യാത്ര ദുരിതം സംബന്ധിച്ച് നിയമസഭയിൽ പോലും എൻ എ നെല്ലിക്കുന്ന് എംഎൽഎ വിഷയം അവതരിപ്പിച്ച സംസാരിച്ചിരുന്നു. കാസർഗോഡ് താലൂക്ക് വികസന സമിതി അംഗങ്ങൾ പല യോഗങ്ങളിലുമായി ഈ ആവശ്യം ഉന്നയിച്ചിരുന്നു.ഇത് ചെവി കൊള്ളാൻ ട്രാൻസ്പോർട്ട് വകുപ്പ് അധികൃതരോ, കെഎസ്ആർടിസി ഡിപ്പോ അധികൃതരോ തയ്യാറാവുന്നില്ലെന്നാണ് ആക്ഷേപം.
