കാസർഗോഡ്:.മൊഗ്രാൽ ജിവിഎച്ച്എസ്എസിലെ വികസന ഫണ്ടിൽ നിന്ന് 34 ലക്ഷത്തോളം രൂപ സാമ്പത്തിക ക്രമക്കേടിലൂടെ മുൻ ഹയർസെക്കൻഡറി പ്രിൻസിപ്പാൾ ഇൻ ചാർജ് വഹിച്ചിരുന്ന അധ്യാപകൻ തുക തന്റെ അക്കൗണ്ടിലാക്കി തട്ടിയെടുത്ത സംഭവത്തിൽ മുൻ പിടിഎ കമ്മിറ്റിയും, സന്നദ്ധ സംഘടനകളും പരാതി നൽകി മൂന്ന് മാസത്തിനു ശേഷം വിജിലൻസ് അന്വേഷണം ശക്തമാക്കി.നേരത്തെ വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തി ഫയലുകൾ പരിശോധിച്ചിരുന്നു.
തുടർനടപടിയുടെ ഭാഗമായാണ് വിജിലൻസ് ഡിവൈഎസ്പി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം ഇന്ന് മൊഗ്രാൽ സ്കൂളിലെത്തി വിശദമായ അന്വേഷണം തുടങ്ങിയത്.
മൊഗ്രാൽ സ്കൂളിന്റെ ക്ലാസ് റൂം നിർമ്മാണത്തിനും, തൊഴിൽ കോഴ്സ് അടക്കമുള്ള വികസന പദ്ധതികൾക്കുമായി അനുവദിച്ച തുകയാണ് പ്രിൻസിപ്പാൾ ഇൻ ചാർജ് അടിച്ചു മാറ്റിയത്.ഇതുമൂലം പുതുതായി തുടങ്ങിയ തൊഴിൽ കോഴ്സ് അനിശ്ചിതത്വത്തിലായി.ക്ലാസ് റൂം നിർമ്മാണവും തടസ്സപ്പെട്ടു. അന്വേഷണവും,ഫണ്ട് തിരിച്ചു പിടിക്കാനുള്ള നടപടിയും വൈകുന്നതിൽ നാട്ടുകാർക്കിടയിൽ വലിയ പ്രതിഷേധം നിലനിന്നിരുന്നു.
കഴിഞ്ഞ ആഴ്ച കാസർഗോഡ് ഹോസ്പിറ്റൽ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് സ്കൂളിലെ സാമ്പത്തിക തിരിമറി അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതിലുള്ള ആശങ്കയറിയിച്ച് മൊഗ്രാൽ ദേശീയവേദി ഭാരവാഹികൾ നിവേദനവും നൽകിയിരുന്നു.
ഫോട്ടോ:സാമ്പത്തിക തിരിമറി അന്വേഷിക്കാൻ മൊഗ്രാൽ സ്കൂളിലെത്തിയ വിജിലൻസ് ഡിവൈഎസ്പി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം സ്കൂൾ അധികൃതരുമായി ചർച്ച നടത്തുന്നു.
