
കണ്ണൂർ : ജില്ലയിലെ മാംസ വിപണി കീഴടക്കാനൊരുങ്ങി കേരള ചിക്കൻ.
ഇറച്ചിക്കോഴി വില പിടിച്ചു നിർത്തുന്നതിന് സംസ്ഥാന സർക്കാർ കുടുംബശ്രീ നേതൃത്വത്തിൽ ആരംഭിച്ച കേരള ചിക്കൻ പദ്ധതിയുടെ ജില്ലയിലെ ആദ്യ സ്റ്റാൾ പ്രവർത്തനമാരംഭിച്ചു.
കുറ്റ്യാട്ടൂർ കുടുബശ്രീ സി ഡി എസിന്റെ കീഴിൽ മയ്യിൽ ജിഷ വാടക സ്റ്റോറിന് സമീപമാണ് സ്റ്റാൾ സ്ഥിതി ചെയ്യുന്നത്.
വെള്ളിയാഴ്ച മൂന്ന് മണിക്ക് നടന്ന ഉത്ഘാടന പരിപാടി കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ ഉത്ഘാടനം ചെയ്ത് സംസാരിച്ചു.
കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി പി റെജി അധ്യക്ഷയായി. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എം വി ജയൻ പദ്ധതി വിശദീകരണം നടത്തി സംസാരിച്ചു.

കേരള ചിക്കൻ ഫാമുകളിൽ വളർത്തുന്ന വളർച്ചയെത്തിയ ഇറച്ചിക്കോഴി കുടുംബശ്രീ അംഗങ്ങൾ നടത്തുന്ന വിപണനശാലകൾ വഴിയാണ് വിൽപ്പന നടത്തുന്നത്. കിലോയ്ക്ക് 17 രൂപ ഔട്ട്ലെറ്റ് ഉടമയ്ക്ക് ലഭിക്കും. മാർക്കറ്റ് വിലയേക്കാളും 10% കുറഞ്ഞ വിലയിലാണ് കേരള ചിക്കൻ ഔട്ട്ലെറ്റുകൾ വഴി വിൽപ്പന നടത്തുന്നത്. കേരളത്തിൽ വിവിധ ജില്ലകളിലായി 140 ഔട്ട്ലെറ്റുകളിൽ നിന്നായി 50 ടണ്ണോളം കേരള ചിക്കൻ ഒരോ ദിവസവും വില്പന ചെയ്യുന്നു. കുടുംബശ്രീ
ബ്രോയിലർ കർഷകർക്കും, ഔട്ട്ലെറ്റ് ഉടമകൾക്കും മികച്ച വരുമാന മാർഗ്ഗം ഉറപ്പുവരുത്തുന്ന സംരംഭം കൂടിയാണ് കേരള ചിക്കൻ.50000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ മാസ വരുമാനം ഔട്ട്ലെറ്റുകൾ വഴി കുടുംബശ്രീ അംഗങ്ങൾക്ക് കേരള ചിക്കൻ പദ്ധതി വഴി ലഭിക്കുന്നുണ്ട്.
കേരള ചിക്കൻ ഫാമുകൾ, ഔട്ട്ലെറ്റുകൾ ആരംഭിക്കുന്നതിന് കുടുംബശ്രീ വഴി ഒന്നര ലക്ഷം രൂപ വരെ ലോൺ ലഭിക്കും. 2026 ഓടെ വിപണിയുടെ 25% എങ്കിലും എത്തുകയെന്ന ലക്ഷ്യത്തോടെ പദ്ധതി വ്യാപിപ്പിക്കുന്നതിന്റെ ശ്രമത്തിലാണ് കുടുംബശ്രീയും കേരള ചിക്കൻ കമ്പനിയും മുന്നോട്ടുപോകുന്നത്.
അടുത്ത രണ്ട് മാസത്തിനുള്ളിൽ മട്ടന്നൂർ, പാനൂർ, ചെറുകുന്ന്, ആലക്കോട്, കണ്ണൂർ, ഇരിട്ടി പഞ്ചായത്തുകളിൽ കൂടെ കേരള ചിക്കൻ ഔട്ലെറ്റുകൾ പ്രവർത്തനമാരംഭിക്കും.
കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായി കണ്ണൂർ ജില്ലയിൽ ഔട്ട്ലെറ്റുകൾ ആരംഭിക്കാൻ താല്പര്യമുള്ള കുടുംബശ്രീ അംഗങ്ങൾ പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ സിഡിഎസ് ഓഫീസുകളിൽ അപേക്ഷ നൽകേണ്ടതാണ്.