
ഗുരുവായൂർ :വിശ്വപ്രസിദ്ധമായ ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോ ത്സവത്തിൻ്റെ സുവർണ്ണ ജുബിലി തിരുവനന്തപുരത്ത് പ്രൗഢമായി ആഘോഷിച്ചു. സംഗീതാർച്ചന,, അനുസ്മരണ സമ്മേളനം, സമാദരണം, സംഗീത കച്ചേരി എന്നീ പരിപാടികളോടെയായിരുന്നു സുവർണ ജൂബിലി ആഘോഷം. ചെമ്പൈ സ്വാമികളുടെ സംഗീത സ്മൃതികൾ നിറഞ്ഞ ശ്രീവരാഹം ചെമ്പൈ മെമ്മോറിയൽ ട്രസ്റ്റ് ഹാളിൽ സംഗീതാർച്ചനയോടെയായിരുന്നു സുവർണ്ണ ജൂബിലി ആഘോഷ പരിപാടികൾ തുടങ്ങിയത്. സുവർണ്ണ ജൂബിലി ആഘോഷ ങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം രജിസ്ട്രേഷൻ, പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി ശ്രീ കടന്നപ്പളളി രാമചന്ദ്രൻ നിർവ്വഹിച്ചു. സംഗീതത്തിന് മതമോ രാഷ്ട്രീയമോ ഇല്ല .പ്രകൃതിയുടെ നാദവിസ്മയ മായ സംഗീതം പ്രപഞ്ചത്തോളം വിശാലമാണെന്നും മന്ത്രി പറഞ്ഞു. സംഗീതം ഏത് ജീവജാലങ്ങളെയും സ്വാധീനിക്കുന്നു. സംഗീതത്തിൻ്റെ ആത്മചൈതന്യമായിരുന്നു ചെമ്പൈ സ്വാമികൾ -മന്ത്രി പറഞ്ഞു.
ചടങ്ങിൽ ശ്രീ ആൻറണി രാജു എം എൽ എ മുഖ്യാതിഥിയായി. ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ അദ്ധ്യക്ഷനായിരുന്നു. പ്രശസ്ത കവിയും എഴുത്തുകാരനുമായ പ്രൊഫ. വി മധുസൂദനൻ നായർ ചെമ്പൈ അനുസ്മരണ പ്രഭാഷണം നടത്തി. തിരുവനന്തപുരം കോർപ്പറേഷൻ മണക്കാട് ഡിവിഷൻ കൗൺസിലർ ശ്രീ കെ കെ സുരേഷ്, ശ്രീവരാഹം ഡിവിഷൻ കൗൺസിലർ ശ്രീ ഹരികുമാർ, ദേവസ്വം ഭരണസമിതി അംഗങ്ങളായ , ശ്രീ സി മനോജ്, സ്വാഗത സംഘം ഭാരവാഹികളായ അഡ്വ. വാഞ്ചീശ്വര അയ്യർ (ചെയർമാൻ), പ്രൊഫ.വൈക്കം വേണുഗോപാൽ (കൺവീനർ), എന്നിവരും സന്നിഹിതരായി. ദേവസ്വം ഭരണസമിതി അംഗം കെ.പി.വിശ്വനാഥൻ സ്വാഗതവും അഡ്മിനിസ്ടേറ്റർ ഒ ബി അരുൺകുമാർ നന്ദിയും പറഞ്ഞു

സംഗീതാർച്ചനയിൽ
പങ്കെടുത്ത് 10 2 കലാകാരൻമാർ
രാവിലെ ഏഴരയോടെ ദേവസ്വം ഭരണസമിതി അംഗം ശ്രീ .കെ .എസ് ബാലഗോപാൽ ഭദ്രദീപം തെളിച്ചതോടെ സംഗീതാർച്ചന തുടങ്ങി.ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണ സമിതി അംഗങ്ങളായ . സി. മനോജ്, കെ.പി.വിശ്വനാഥൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.വൈകിട്ട് നാലു മണി വരെ തുടർന്ന സംഗീതാർച്ചനയിൽ ഗ്രൂപ്പിനത്തിൽ ഉൾപ്പെടെ 102 കലാകാരൻമാർ പങ്കെടുത്തു.
തിരുവനന്തപുരം നിവാസികളും മുതിർന്ന കർണ്ണാടക സംഗീതഞ്ജരു മായ ശ്രീമതി രുക്മിണി ഗോപാലകൃഷ്ണൻ, ശ്രീമതി ലളിതാ ഗോപാലൻ നായർ, ശ്രീ ചേർത്തല എ കെ രാമചന്ദ്രൻ ,പാർവ്വതിപുരം പത്മനാഭ അയ്യർ എന്നിവരെ ചടങ്ങിൽ ഗുരുവായൂർ ദേവസ്വം ആദരിച്ചു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ സംഗീതജ്ഞരെ പൊന്നാടയണിയിച്ചു. നിലവിളക്ക് ഉപഹാരമായി സമ്മാനിച്ചു.