കാസറഗോഡ്: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഒത്താശയോടെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് ബോധപൂർവ്വം അട്ടിമറിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുൻ ഡിസിസി പ്രസിഡന്റ് ഹക്കിം കുന്നിൽ ആരോപിച്ചു. ഭരണവിരുദ്ധ സർക്കാരിന്റെ ജനഹിതം മൂൻകൂട്ടി മനസ്സിലാക്കിയാണ് ഭൂരിഭാഗം പഞ്ചായത്തുകളിലും സെക്രട്ടറിമാരെയും ആവശ്യത്തിനുള്ള ജീവനക്കാരെയും നിയമിക്കാതെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കാസറഗോഡ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മിഷൻ 25 തിരഞ്ഞെടുപ്പ് പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നീതിപൂർവ്വവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പ് നടത്തുവാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.രാജീവൻ നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി കെ. നീലകണ്ഠൻ, ഡിസിസി ജനറൽ സെക്രട്ടറിമാരായ എം.കുഞ്ഞമ്പു നമ്പ്യാർ, സി.വി ജയിംസ്, യുഡിഎഫ് നിയോജക മണ്ഡലം കൺവീനർ കെ.ഖാലിദ്, മനാഫ് നുള്ളിപ്പാടി, ജി.നാരായണൻ, അഡ്വ. ജവാദ് പുത്തൂർ, ബി.എ ഇസ്മായിൽ, കെ.ടി. സുഭാഷ് നാരായണൻ, ഷാഹുൽ ഹമീദ്, ഹനീഫ ചേരങ്കൈ, ഖാൻ പൈക്ക, പി.കെ വിജയൻ, അഡ്വ. സാജിദ് കമ്മാടം, അബ്ദുൾ റസാക്ക്, യു. വേലായുധൻ, മഹമൂദ് വട്ടയാക്കാട് എന്നിവർ സംസാരിച്ചു. മിഷൻ 25 തിരഞ്ഞെടുപ്പ് വിഷയവുമായി ബന്ധപ്പെട്ട് എം.കെ ചന്ദ്രശേഖരൻ മാസ്റ്റർ ക്ലാസെടുത്തു.

