പത്തനംതിട്ട: കേരള എഞ്ചിനിയറിങ് പ്രവേശനവുമായി ബന്ധപ്പെട്ട ഹൈകോടതിയിൽ സംസ്ഥാന സർക്കാറിന് തിരിച്ചടിയേറ്റതിൽ രൂക്ഷ വിമർശനവുമായി കെ.പി.സി.സി അധ്യക്ഷൻ അഡ്വ. സണ്ണി ജോസഫ്. സര്ക്കാറിന്റെദുര്വാശിയും ഗുരുതരവീഴ്ചയുമാണ് എഞ്ചിനിയറിങ് പ്രവേശനം അനിശ്ചിതത്തിലാക്കിയതെന്ന് സണ്ണി ജോസഫ് കുറ്റപ്പെടുത്തി.

കേരളത്തിലെ വിദ്യാർഥികളും രക്ഷകര്‍ത്താക്കളുമാണ് ഫലം അനുഭവിക്കുന്നത്. സര്‍ക്കാര്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് ആവശ്യമായ നടപടി സ്വീകരിക്കണം. കീം പ്രവേശന വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്താനില്ല. പക്ഷെ വിദ്യാര്‍ഥികളുടെ ആശങ്ക പരിഹരിക്കണം. ഉന്നതവിദ്യാഭ്യസ മന്ത്രി ന്യായീകരണവും ദുരഭിമാനവും ഉപേക്ഷിച്ച് യാഥാർഥ്യം അംഗീകരിക്കാന്‍ തയാറാകണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
നിലപാട് സ്വീകരിക്കുന്നതില്‍ സി.പി.ഐ കുറച്ചുകൂടി ധൈര്യം കാണിക്കണം. വിദ്യാർഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും ഒപ്പമാണ് പ്രതിപക്ഷം. കീം വിഷയത്തില്‍ നിലപാട് തിരുത്താന്‍ സര്‍ക്കാര്‍ തയാറാകണം. ഇപ്പോഴത്തെ പ്രതിസന്ധിക്ക് ഉത്തരവാദി സര്‍ക്കാരാണ്. സര്‍ക്കാര്‍ പിടിവാശി ഉപേക്ഷിക്കണം. അവകാശവാദങ്ങള്‍ ഓരോന്നായി പൊളിയുകയാണ്. ഉന്നത വിദ്യാഭ്യാസ മേഖലയുടെയും ആരോഗ്യ മേഖലയുടെയും തകര്‍ച്ചയില്‍ നിന്ന് അവകാശവാങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് ബോധ്യപ്പെട്ടെന്നും സണ്ണി ജോസഫപറഞ്ഞു.